ഹോബാർട്ടിൽ നടക്കുന്ന ‘ടേസ്റ്റ് ഓഫ് സമ്മർ’ ഫെസ്റ്റിവലിന് ആദ്യ നാല് ദിവസത്തിനുള്ളിൽ തന്നെ 50,000-ത്തിലധികം ആളുകളുടെ പങ്കാളിത്തം. പുതുവത്സരാഘോഷ ദിനത്തിൽ മാത്രം 6,000 പേരാണ് വാട്ടർഫ്രണ്ട് ഫെസ്റ്റിവലിലേക്ക് എത്തിയത്.
ഉദ്ഘാടന ദിവസം 10,000 പേരും, രണ്ടാം ദിവസം 14,000 പേരും, മൂന്നാം ദിവസം 12,000 പേരും, നാലാം ദിവസം 10,000 പേരുമാണ് പങ്കെടുത്തതെന്ന് ഫെസ്റ്റിവലിന്റെ ജനറൽ മാനേജർ കാതറിൻ ഡീൻ പറഞ്ഞു,
ആറ് ദിവസത്തെ ഫെസ്റ്റിവലിനിടെ 97,000 സന്ദർശകരെന്ന ലക്ഷ്യത്തിലേക്കാണ് പരിപാടി നീങ്ങുന്നതെന്ന് സംഘാടകർ അറിയിച്ചു. പുതുവത്സരദിന ടിക്കറ്റുകളുടെ 90 ശതമാനവും പരിപാടിക്ക് മുൻപേ വിറ്റുതീർന്നിരുന്നു.
75-ലധികം സ്റ്റാളുകളാണ് ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നത്. ടാസ്മാനിയൻ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്ന സ്റ്റാളുകൾക്കൊപ്പം ‘ടാസ്മാനിയൻ സ്മോക്കിയാർഡ്’, ‘സീസൺ ആൻഡ് ഫയർ’ എന്നിവ ഉൾപ്പെടെ പുതിയ കൂട്ടിച്ചേർക്കലുകളും ഉണ്ടായി. ‘സീസൺ ആൻഡ് ഫയർ’ ഫെസ്റ്റിവലിലെ ആദ്യ ഫുൾ-സർവീസ് റെസ്റ്റോറന്റാണ്.
ഹോബാർട്ട് സിറ്റിയുടെ പിന്തുണയോടെ വൈകിട്ട് നാല് മണിവരെ സൗജന്യ പ്രവേശനം നൽകിയ കമ്മ്യൂണിറ്റി ഡേയും വലിയ ജനപങ്കാളിത്തം നേടി. ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ 2,500 പേർ വേദിയിലെത്തി.
ഫെസ്റ്റിവൽ ടാസ്മാനിയയുടെ ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലകൾക്ക് വലിയ സാമ്പത്തിക നേട്ടം നൽകുന്നതാണെന്നും അന്തർ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും നിന്ന് സന്ദർശകർ എത്തുന്നുണ്ടെന്നും ടൂറിസം മന്ത്രി ജെയിൻ ഹൗലറ്റ് പറഞ്ഞു,
‘ടേസ്റ്റ് ഓഫ് സമ്മർ’ ഫെസ്റ്റിവൽ ജനുവരി 3 വരെ ഹോബാർട്ടിലെ പ്രിൻസസ് വാർഫ് 1-ൽ തുടരും.