ലോർഡ് മേയർ  (Image / Pulse)
Tasmania

മേയറുടെ നായ കൗൺസിൽ യോഗത്തിൽ അലഞ്ഞുനടന്നത് വിവാദമായി; പുതിയ നിയമങ്ങൾ വേണമെന്ന് കൗൺസിലർ

തിങ്കളാഴ്ച നടക്കുന്ന ഹോബാർട്ട് സിറ്റി കൗൺസിൽ യോഗത്തിൽ പ്രമേയം ചർച്ച ചെയ്യും.

Safvana Jouhar

ഹോബാർട്ട് സിറ്റി കൗൺസിൽ യോഗത്തിനിടെ ലോർഡ് മേയറുടെ നായ സ്വതന്ത്രമായി ചുറ്റിനടന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച കൗൺസിലർ, കൗൺസിൽ ഓഫീസുകളിലും ജോലിസ്ഥലങ്ങളിലും വളർത്തുമൃഗങ്ങളെ കൊണ്ടുവരുന്നതിന് പുതിയ നിയമങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു. കൗൺസിലർ മൈക്ക് ദത്തയാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക നയം രൂപീകരിക്കുന്നതിനുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. തിങ്കളാഴ്ച നടക്കുന്ന ഹോബാർട്ട് സിറ്റി കൗൺസിൽ യോഗത്തിൽ പ്രമേയം ചർച്ച ചെയ്യും. നവംബർ 16-ന് നടന്ന പുതിയ കൗൺസിലിന്റെ ആദ്യ യോഗത്തിനിടെയാണ് സംഭവം. ലോർഡ് മേയർ ചാൾസ് വൂളിയുടെ നായയായ ഡസ്റ്റി കൗൺസിലർമാർ ഇരിക്കുന്നതിനിടെ യോഗമുറിയിൽ ചുറ്റിനടക്കുകയായിരുന്നു. ഇതിനിടെ യോഗനടപടികൾ തടസ്സപ്പെടുത്തി സംസാരിച്ച മൈക്ക് ദത്ത, മുമ്പ് നായയുടെ കടിയേറ്റ അനുഭവമുള്ളതിനാൽ ഇത്തരമൊരു സാഹചര്യം തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായി അറിയിച്ചു.

മൈക്ക് ദത്ത

നായ രണ്ടുതവണ തന്റെ അടുത്തേക്ക് വന്നപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതായി പ്രമേയത്തിൽ ദത്ത വ്യക്തമാക്കി. സമാന വലുപ്പമുള്ള നായയുടെ ആക്രമണത്തിന് മുമ്പ് ഇരയായിട്ടുണ്ടെന്നും അതിനുശേഷം വലിയ നായകളുടെ അടുത്ത് നിൽക്കുന്നതിൽ ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും മൃഗങ്ങളോട് ഒരേ സമീപനമല്ലെന്നും ചിലർക്ക് അലർജിയോ ഭയമോ മുൻകാലത്തെ മോശം അനുഭവങ്ങളോ മറ്റ് ന്യായമായ കാരണങ്ങളോ ഉണ്ടാകാമെന്നും ദത്ത ചൂണ്ടിക്കാട്ടി. ഔദ്യോഗിക ജോലിസ്ഥലത്ത് മൃഗങ്ങൾ സ്വതന്ത്രമായി ചുറ്റിനടക്കുന്നത് ജീവനക്കാരെയോ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയോ സന്ദർശകരെയോ അസ്വസ്ഥരാക്കരുതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രമേയം ലോർഡ് മേയർക്കെതിരായ വ്യക്തിപരമായ നീക്കമല്ലെന്നും നായകളോടുള്ള എതിർപ്പുമല്ലെന്നും ദത്ത വ്യക്തമാക്കി. എന്നാൽ മേയറുടെ വ്യക്തിപരമായ ഇഷ്ടം കൗൺസിലിന്റെ പൊതുവായ തൊഴിൽസാഹചര്യത്തിന് മുകളിൽ വയ്ക്കരുതെന്നും നേതൃത്വമെന്നത് മറ്റുള്ളവരുടെ താൽപര്യങ്ങൾ പരിഗണിക്കലാണെന്നും അദ്ദേഹം വിമർശിച്ചു.

പുതിയ നയത്തിൽ ഉൾപ്പെടുത്താൻ നിർദേശിക്കുന്നത്

കൗൺസിൽ പരിസരത്ത് മൃഗങ്ങളെ കൊണ്ടുവരാവുന്ന സാഹചര്യങ്ങൾ, മുൻകൂർ അനുമതി ആവശ്യമാണോ, ഉടമകൾ പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ എന്നിവ പുതിയ നയത്തിൽ വ്യക്തമാക്കും. മൃഗങ്ങളെ എല്ലായ്പ്പോഴും നിയന്ത്രണത്തിൽ നിർത്തേണ്ടതും നയത്തിന്റെ ഭാഗമായിരിക്കും. അംഗീകൃത സഹായ മൃഗങ്ങളെ ഈ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കും. കെൽപി, ബുൾഡോഗ്, ഷാർ-പെയ് എന്നീ ഇനങ്ങളുടെ സങ്കരയിനമായ ഡസ്റ്റിയെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വൂളി പലപ്പോഴും തന്റെ 'ഡെപ്യൂട്ടി' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. നവംബർ 16-ലെ യോഗത്തിനിടെ ഡസ്റ്റിയെ തിരികെ കൊണ്ടുപോകാൻ മേയർ ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കുകയും ഇനി യോഗത്തിന് നായയെ കൊണ്ടുവരില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് കൗൺസിലിന്റെ നിലവിലുള്ള നയങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടുമെന്നും ഭാവിയിൽ ഡസ്റ്റിയെ കെട്ടിയിട്ടായിരിക്കും കൊണ്ടുവരികയെന്നും വൂളി വ്യക്തമാക്കിയിരുന്നു. കൗൺസിൽ ഉദ്യോഗസ്ഥർ പ്രമേയത്തോടുള്ള പ്രതികരണത്തിൽ, ഇതുവരെ കൗൺസിൽ ജോലിസ്ഥലങ്ങളിലെ വളർത്തുമൃഗങ്ങളുടെ സാന്നിധ്യം ഔപചാരിക നയമില്ലാതെ കൈകാര്യം ചെയ്തിരുന്നുവെന്നും വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. എന്നാൽ ഇപ്പോൾ ഔദ്യോഗിക നയം അനിവാര്യമാണെന്നും അവർ വ്യക്തമാക്കി. പുതിയ നയത്തിന്റെ കരട് ഡിസംബറിൽ കൗൺസിൽ കമ്മിറ്റിക്ക് സമർപ്പിക്കും. തുടർന്ന് കൗൺസിലർമാർക്ക് ചർച്ച ചെയ്യാനുള്ള അവസരം നൽകിയശേഷം ഔദ്യോഗിക പരിഗണനയ്ക്കായി അവതരിപ്പിക്കും.

SCROLL FOR NEXT