e-bike 
Tasmania

ഇ-സ്കൂട്ടറുകളോട് ഹൊബാര്‍ട്ട് വിട പറയുന്നു ; ഇനി നഗരത്തിൽ ഇ-ബൈക്കുകൾ മാത്രം

കാഴ്ചപരിമിതിയുള്ളവർക്കും ചലനശേഷി കുറഞ്ഞവർക്കും ഫുട്പാത്തുകളിൽ ഉപേക്ഷിക്കപ്പെട്ട സ്കൂട്ടറുകൾ വലിയ അപകടഭീഷണിയാണ് ഉയർത്തിയിരുന്നത്.

Elizabath Joseph

ഹോബാർട്ട്: ഹോബാർട്ട് നഗരത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച വാടക ഇ-സ്കൂട്ടറുകൾ ഉടൻ അപ്രത്യക്ഷമാകും. ഫുട്പാത്തുകളിൽ സ്കൂട്ടറുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നതും കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നതും സംബന്ധിച്ച പരാതികൾ വർദ്ധിച്ച സാഹചര്യത്തിലാണ് കൗൺസിൽ ചൊവ്വാഴ്ച ഈ തീരുമാനമെടുത്തത്. പകരം ഇ-ബൈക്കുകൾ (E-bikes) മാത്രം ഉൾപ്പെടുത്തിയുള്ള പുതിയ ഗതാഗത രീതിയിലേക്ക് നഗരം മാറും.

2021-ൽ ആരംഭിച്ച ഈ പദ്ധതി തുടക്കം മുതൽക്കേ വലിയ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. കാഴ്ചപരിമിതിയുള്ളവർക്കും ചലനശേഷി കുറഞ്ഞവർക്കും ഫുട്പാത്തുകളിൽ ഉപേക്ഷിക്കപ്പെട്ട സ്കൂട്ടറുകൾ വലിയ അപകടഭീഷണിയാണ് ഉയർത്തിയിരുന്നത്. പാർക്കിംഗ് ബേകൾ സ്ഥാപിച്ചും നിയമലംഘകർക്ക് പിഴ ചുമത്തിയും പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ഇ-സ്കൂട്ടറുകൾ പലപ്പോഴും വിനോദത്തിനായി ഉപയോഗിക്കുകയും തോന്നിയ ഇടങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്യുന്നതായാണ് കൗൺസിലിന്റെ കണ്ടെത്തൽ.

അതേസമയം, ഇ-ബൈക്കുകൾ പ്രധാനമായും യാത്രകൾക്കായി (Transport) ഉപയോഗിക്കുന്നതിനാലും അവ കൂടുതൽ സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിനാലും നഗരത്തിന് കൂടുതൽ അനുയോജ്യമാണെന്ന് ആക്ടിംഗ് ലോർഡ് മേയർ സെലിൻഡ ഷെർലക് പറഞ്ഞു. നിലവിൽ 'ബീം' (Beam) കമ്പനിയാണ് ഹോബാർട്ടിൽ ഈ സേവനങ്ങൾ നൽകുന്നത്. ഇവർക്ക് പകരം പുതിയ ഇ-ബൈക്കുകൾ എത്തിക്കുന്നതിനായി കൗൺസിൽ ഉടൻ ടെൻഡർ വിളിക്കും. ഹെൽമറ്റുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളുമുള്ള പരിഷ്കരിച്ച ഇ-ബൈക്കുകളാകും ഇനി ഹോബാർട്ടിൽ ലഭ്യമാകുക.

SCROLL FOR NEXT