ടാസ്മാനിയയിൽ രണ്ട് വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 വയസ്സുകാരി മരിച്ചു. ഒരു യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് സോമർസെറ്റിന് സമീപമുള്ള ബാസ് ഹൈവേയിലാണ് അപകടം. സോമർസെറ്റിന് പടിഞ്ഞാറ് ഏകദേശം 3.5 കിലോമീറ്റർ അകലെ വൈകിട്ട് 5.35-ഓടെയാണ് അപകടമുണ്ടായത്. കിഴക്കോട്ട് സഞ്ചരിച്ചിരുന്ന വെളുത്ത സുബാരു കാറും പടിഞ്ഞാറോട്ട് സഞ്ചരിച്ചിരുന്ന വെളുത്ത ടൊയോട്ട ഹിലക്സ് യൂട്ടിലിറ്റി വാഹനവും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. സുബാരു കാറിലെ യാത്രക്കാരിയായിരുന്ന പെൺകുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കാർ ഓടിച്ചിരുന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ്പാക് റെസ്ക്യൂ ഹെലികോപ്റ്ററിൽ ഇവരെ റോയൽ ഹോബാർട്ട് ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
ഹിലക്സ് വാഹനത്തിന്റെ ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന യാത്രക്കാരനും പരിക്കേറ്റു. ഇരുവരെയും ബേണിയിലെ നോർത്ത് വെസ്റ്റ് റീജിയണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനങ്ങളും അപകടത്തെക്കുറിച്ചുള്ള പരിശോധനകളും നടക്കുന്നതിനിടെ ബാസ് ഹൈവേയുടെ ഒരു ഭാഗം ഇരുവശത്തേക്കും നാലു മണിക്കൂറിലധികം അടച്ചിട്ടു. ടാസ്മാനിയ പൊലീസ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് കൊറോണർക്ക് കൈമാറും.
അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. അപകടം നേരിൽ കണ്ടവരോ ഡാഷ്ക്യാം ദൃശ്യങ്ങൾ കൈവശമുള്ളവരോ പൊലീസിനെ ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർഥിച്ചു.