സൗജന്യ നിക്കോട്ടിൻ പാച്ചുകൾ; പദ്ധതി വ്യാപിപ്പിച്ച് ടാസ്മാനിയ 
Tasmania

പുകവലിയും വേപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ പാച്ചുകൾ; പദ്ധതി വ്യാപിപ്പിച്ച് ടാസ്മാനിയ

പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങൾക്കായി മാസം തോറും വന്നിരുന്ന 100 ഡോളറോളം വരുന്ന ചിലവ് ഇതോടെ സാധാരണക്കാർക്ക് ലാഭിക്കാനാകും.

Elizabath Joseph

ഹോബാർട്ട്: പുകവലിയോ വേപ്പിങ്ങോ (Vaping) ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന 12 വയസും അതിൽ കൂടുതലുമുള്ള എല്ലാ ടാസ്മാനിയൻ നിവാസികൾക്കും സൗജന്യമായി നിക്കോട്ടിൻ പാച്ചുകളും ഗമ്മുകളും ലോസഞ്ചുകളും ലഭ്യമാക്കുന്നു. ടാസ്മാനിയൻ ക്വിറ്റ്‌ലൈൻ (Tasmanian Quitline) വഴി പ്രവർത്തിക്കുന്ന സൗജന്യ നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പി (NRT) പദ്ധതി കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചതായി ക്വിറ്റ് ടാസ് (QuitTas) പ്രഖ്യാപിച്ചു. ടാസ്മാനിയൻ സർക്കാരിന്റെ പൂർണ്ണ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കഴിഞ്ഞ വർഷം ജൂലൈയിൽ ആരംഭിച്ച പദ്ധതിയിൽ തുടക്കത്തിൽ മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രമായിരുന്നു ആനുകൂല്യം. 12 മുതൽ 25 വയസ്സ് വരെയുള്ളവർ, ഗർഭിണികളും പുതിയ മാതാപിതാക്കളും, ആദിവാസി-ടോറസ് സ്ട്രെയിറ്റ് ഐലൻഡർ വിഭാഗക്കാർ, ശ്വാസകോശ കാൻസർ സ്ക്രീനിംഗ് പ്രോഗ്രാമിന് അർഹരായവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ നൽകിയിരുന്നത്. എന്നാൽ ക്ലിനിക്കൽ പരിശോധനകൾക്ക് വിധേയമായി 12 വയസ്സിന് മുകളിലുള്ള ഏവർക്കും പദ്ധതി പ്രയോജനപ്പെടുത്താമെന്ന് ക്വിറ്റ് ടാസ് ഡയറക്ടർ ആബി സ്മിത്ത് വ്യക്തമാക്കി. പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങൾക്കായി മാസം തോറും വന്നിരുന്ന 100 ഡോളറോളം വരുന്ന ചിലവ് ഇതോടെ സാധാരണക്കാർക്ക് ലാഭിക്കാനാകും.

പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ 200-ലധികം ആളുകൾ ഇതിന്റെ ഭാഗമായിട്ടുണ്ട്. ഇതിൽ 35 ശതമാനത്തിലധികം പേരും 12 നും 25 നും ഇടയിൽ പ്രായമുള്ളവരാണെന്നത് യുവാക്കൾക്കിടയിൽ ഇത്തരം സഹായങ്ങൾക്കുള്ള ഉയർന്ന ആവശ്യകതയെ സൂചിപ്പിക്കുന്നു. കൗൺസിലിംഗ് പിന്തുണയ്‌ക്കൊപ്പം എൻആർടി ഉൽപ്പന്നങ്ങൾ കൂടി ഉപയോഗിക്കുന്നത് പുകവലി പൂർണ്ണമായി നിർത്താനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

SCROLL FOR NEXT