ഹോബാർട്ട്: ഓസ്‌ട്രേലിയൻ ദ്വീപായ ഫ്ലിൻഡേഴ്‌സ് ഐലന്റിൽ (Flinders Island) പ്രമുഖ ടെലികോം സേവന ദാതാക്കളായ ടെൽസ്ട്രയുടെ ട്രാൻസ്മിഷൻ ലിങ്കിൽ ഗുരുതര തകരാർ രൂപപ്പെട്ടതിനെ തുടർന്ന് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു. വൈറ്റ്മാർക്ക് , കേപ്പ് ബാരൻ ഐലന്റ് തുടങ്ങിയ ദ്വീപിന്റെ തെക്കൻ മേഖലകളെയാണ് കഴിഞ്ഞ ആഴ്ചയോടെ ആരംഭിച്ച നെറ്റ്‌വർക്ക് തകരാർ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ദ്വീപിലെ ഏക മൊബൈൽ നെറ്റ്‌വർക്ക് ദാതാക്കളായ ടെൽസ്ട്രയുടെ സേവനം നിലച്ചത് ജനജീവിതവും അടിയന്തര സേവനങ്ങളും താറുമാറാക്കി.
ഹേയ്സ് ഹിൽ (Hays Hill), കേപ്പ് ബാരൻ ഐലന്റ് എന്നിവിടങ്ങളിലെ ടവറുകളിലെ ഉപകരണങ്ങൾക്കുണ്ടായ സാങ്കേതിക തകരാറാണ് നെറ്റ്‌വർക്ക് തടസ്സപ്പെടാൻ കാരണമെന്ന് ടെൽസ്ട്ര സ്ഥിരീകരിച്ചു. മലമുകളിലെ ട്രാൻസ്മിഷൻ കേന്ദ്രത്തിലെ അറ്റകുറ്റപ്പണികൾ സങ്കീർണ്ണമായതിനാലും മോശം കാലാവസ്ഥ കാരണവും വരും ദിവസങ്ങളിൽ മാത്രമേ വിദഗ്ദ്ധ സംഘത്തിന് ദ്വീപിലെത്തി തകരാർ പരിഹരിക്കാൻ സാധിക്കൂ. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രിയിലും പോലീസ് സ്റ്റേഷനിലും ഉപഗ്രഹ ഇന്റർനെറ്റായ 'സ്റ്റാർലിങ്ക്' സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടുപോയ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രമുഖ കമ്മ്യൂണിറ്റി അംഗങ്ങൾ ഓസ്‌ട്രേലിയൻ കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക്ക വെൽസിന് കത്തയച്ചു.