'ഹെൽപ്പ് ടു ബൈ' പദ്ധതി  Ben Bouvier-Farrell/ Unsplash
Tasmania

'ഹെൽപ്പ് ടു ബൈ' ഭവന പദ്ധതി: ടാസ്മാനിയൻ സർക്കാരിനെതിരെ കേന്ദ്രം; പദ്ധതി നടപ്പിലാക്കാൻ സമ്മർദ്ദം

കുറഞ്ഞ വരുമാനമുള്ളവർക്ക് വെറും രണ്ട് ശതമാനം ഡെപ്പോസിറ്റിൽ സ്വന്തമായി വീട് വാങ്ങാൻ സഹായിക്കുന്നതാണ് ഈ പദ്ധതി.

Elizabath Joseph

കേന്ദ്ര ലേബർ സർക്കാർ ആവിഷ്കരിച്ച 'ഹെൽപ്പ് ടു ബൈ' പദ്ധതി ടാസ്മാനിയയിൽ നടപ്പിലാക്കാത്തതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നു. കുറഞ്ഞ വരുമാനമുള്ളവർക്ക് വെറും രണ്ട് ശതമാനം ഡെപ്പോസിറ്റിൽ സ്വന്തമായി വീട് വാങ്ങാൻ സഹായിക്കുന്നതാണ് ഈ പദ്ധതി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ പദ്ധതി വിജയകരമായി മുന്നേറുമ്പോൾ, ടാസ്മാനിയയിലെ ലിബറൽ സർക്കാർ ഇത് നടപ്പിലാക്കാൻ വിമുഖത കാണിക്കുന്നത് മൂലം ഇവിടുത്തെ കുടുംബങ്ങൾക്ക് ഈ ആനുകൂല്യം നഷ്ടമാകുകയാണെന്ന് ഫെഡറൽ അംഗം ജൂലി കോളിൻസ് ആരോപിച്ചു. മാർച്ച് ഒന്നിനുള്ളിൽ ആവശ്യമായ നിയമനിർമ്മാണം നടത്തിയില്ലെങ്കിൽ ടാസ്മാനിയക്ക് അനുവദിച്ച ക്വാട്ടകൾ പൂർണ്ണമായും നഷ്ടപ്പെടും.

പദ്ധതി പ്രകാരം പുതിയ വീടുകൾക്ക് 40 ശതമാനം വരെയും നിലവിലുള്ള വീടുകൾക്ക് 30 ശതമാനം വരെയും സർക്കാർ വിഹിതം നൽകും. എന്നാൽ ടാസ്മാനിയയിൽ നിലവിലുള്ള 'മൈഹോം' (MyHome) ഷെയേർഡ് ഇക്വിറ്റി സ്കീം ഇതിനകം 1000-ലധികം കുടുംബങ്ങളെ സഹായിച്ചിട്ടുണ്ടെന്നും കേന്ദ്ര പദ്ധതിയെക്കുറിച്ച് കൂടുതൽ വ്യക്തത ആവശ്യമാണെന്നുമാണ് സംസ്ഥാന ഭവന മന്ത്രി കെറി വിൻസെന്റിന്റെ നിലപാട്. കേന്ദ്രം ആവശ്യമായ വിവരങ്ങൾ കൈമാറാൻ വൈകിയതാണ് സംസ്ഥാനം തീരുമാനം എടുക്കാതിരിക്കാൻ കാരണമെന്നും അദ്ദേഹം വാദിക്കുന്നു.

അതേസമയം, സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവരും പദ്ധതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ടാസ്മാനിയൻ സർക്കാരിന്റെ നിലവിലെ പദ്ധതി മികച്ചതാണെങ്കിലും കേന്ദ്ര പദ്ധതി കൂടി ലഭ്യമാകുന്നത് സാധാരണക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുമെന്ന് ഹൗസിംഗ് ഇൻഡസ്ട്രി അസോസിയേഷൻ (HIA) അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ലഭ്യമായ ആനുകൂല്യങ്ങൾ തസ്മാനിയക്കാർക്കും ലഭിക്കണമെന്നും അതിനായി സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.

SCROLL FOR NEXT