ഓസ്‌ട്രേലിയയിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന പക്ഷികളിലൊന്നായ ഓറഞ്ച്-ബെല്ലിഡ് തത്തകളെ സംരക്ഷിക്കുന്നതിനായുള്ള ശ്രമങ്ങൾ മികച്ച ഫലമാണ് കാണിക്കുന്നത്. ഈ സീസണിൽ 86 ഓറഞ്ച്-ബെല്ലിഡ് തത്തകൾ ടാസ്മാനിയയിലെ മെലാല്യൂക്കയിലെ പ്രജനന കേന്ദ്രത്തിലേക്ക് തിരിച്ചെത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്,
നിരീക്ഷണം ആരംഭിച്ചതിനുശേഷം രേഖപ്പെടുത്തിയ രണ്ടാമത്തെ ഏറ്റവും ഉയർന്ന എണ്ണമാണിത്. കഴിഞ്ഞ വർഷത്തെ 91 എന്ന റെക്കോർഡിനേക്കാൾ അല്പം മാത്രം കുറവാണ് ഇത്തവണത്തെ എണ്ണം. ഈ തിരിച്ചുവരവ് അത്യന്തം അപൂർവമായ ഈ പക്ഷിവർഗത്തിനായി ആശ്വാസകരമാണെന്ന് പരിസ്ഥിതി മന്ത്രി മാഡലെയ്ൻ ഒഗിൽവി പറഞ്ഞു. ഇതിൽ ഈ വർഷം തിരിച്ചെത്തിയവരിൽ 51 ആൺ തത്തകളും 35 പെൺ തത്തകളും ഉൾപ്പെടുന്നു. 66 എണ്ണം കാട്ടിൽ ജനിച്ചവയും 20 എണ്ണം മുൻകാലങ്ങളിൽ ചെറുപ്പത്തിൽ കാട്ടിലേക്ക് വിട്ട ക്യാപ്റ്റീവ്-ബ്രെഡ് തത്തകളുമാണ്,” അവർ പറഞ്ഞു.
ഈ സീസണിലെ ആദ്യ കുഞ്ഞുതത്തകൾ ഫൈവ് മൈൽ ബീച്ച് വൈൽഡ്‌ലൈഫ് കേന്ദ്രത്തിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. വന്യസംഖ്യ വർധിപ്പിക്കുന്നതിനായി വേനൽക്കാലാവസാനത്ത് മെലാല്യൂക്കയിൽ ചില ക്യാപ്റ്റീവ്-ബ്രെഡ് കുഞ്ഞുങ്ങളെ കൂടി വിട്ടയക്കാനാണ് പദ്ധതി. ഫൈവ് മൈൽ ബീച്ച് ക്യാപ്റ്റീവ് ബ്രിഡിംഗ് കേന്ദ്രത്തിന്റെ വികസനത്തിനായി ടാസ്മാനിയ സർക്കാർ 2.5 മില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ തത്തകളുടെ കുടിയേറ്റ പാത നിരീക്ഷിക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങൾ നവീകരിക്കുന്നതിനുമായി 1.3 മില്യൺ ഡോളറും അനുവദിച്ചിട്ടുണ്ട്.