ഹോബാർട്ട്: ഓസ്‌ട്രേലിയയിലെ ടാസ്മാനിയൻ നഗരമായ ബേണിയുടെ ഇരുനൂറാം ജന്മദിനത്തോട്അനുബന്ധിച്ച് അവിടുത്തെ പ്രമുഖ ഈമു റിവർ പാലത്തിന് കടും മഞ്ഞയോ അക്വാ നിറമോ നൽകാനുള്ള മേയറുടെ നിർദ്ദേശത്തിന് ജനങ്ങളിൽ നിന്നും കൗൺസിലർമാരിൽ നിന്നും കടുത്ത എതിർപ്പ്. നഗരത്തിന്റെ 200-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പാലം മഞ്ഞ നിറത്തിൽ പുനർനിർമ്മിച്ചാൽ അത് ബേണി നഗരത്തിലേക്കുള്ള ആകർഷകമായ ഒരു പ്രവേശന കവാടമായി മാറുമെന്ന് ചൂണ്ടിക്കാണിച്ച് മേയർ ടീനി ബ്രംബി സോഷ്യൽ മീഡിയയിൽ ഒരു മോക്ക്-അപ്പ് ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ വലിയ രീതിയിലുള്ള നെഗറ്റീവ് പ്രതികരണങ്ങളാണ് ജനങ്ങളിൽ നിന്നും ഉണ്ടായത്.
നിലവിൽ ഈ പാലം കൃത്യമായ ശുചീകരണവും പുതിയ പ്രൊട്ടക്ടീവ് കോട്ടിങ്ങും ലഭിക്കാതെ കിടക്കുകയാണ്. എന്നാൽ 2027-ലെ വാർഷികത്തിന് മുൻപായി ഈ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഗ്രോത്ത് അറിയിച്ചിട്ടുള്ളത്. ഒരു നഗരത്തിന്റെ 200-ാം ജന്മദിനം എന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം വരുന്ന വലിയൊരു നാഴികക്കല്ലാണെന്നും, അത് ചരിത്രവും ഭാവി കൈകോർക്കുന്ന രീതിയിൽ വ്യത്യസ്തമായി ആഘോഷിക്കാനാണ് താൻ ആഗ്രഹിച്ചതെന്നും മേയർ ടീനി ബ്രംബി പറഞ്ഞു. അതേസമയം, വാർഷികത്തോട് അനുബന്ധിച്ച് പാലത്തിന്റെ അവസ്ഥ പരിശോധിക്കാമെന്നും താൽക്കാലികമായി അത് വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും വകുപ്പ് അധികൃതർ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.
പാലത്തിന് കടും നിറങ്ങൾ നൽകി വികൃതമാക്കുന്നതിന് പകരം ലൈറ്റ് ഷോകൾ സംഘടിപ്പിച്ച് ചരിത്ര ചിത്രങ്ങൾ അതിലേക്ക് പ്രൊജക്റ്റ് ചെയ്യുന്ന രീതിയാണ് നല്ലതെന്ന് കൗൺസിലർ അമാൻഡ സിംപ്സൺ നിർദ്ദേശിച്ചു. ഈ പാലത്തിന്റെ പൂർണ്ണ നിയന്ത്രണം സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് ഗ്രോത്ത് വകുപ്പിനായതിനാൽ കൗൺസിലിന് ഇതിൽ നേരിട്ട് തീരുമാനങ്ങൾ എടുക്കാൻ പരിമിതികളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പാലത്തിന് പെയിന്റ് അടിക്കുന്നതിനെ ശക്തമായി എതിർത്ത കൗൺസിൽ സ്ഥാനാർത്ഥി പൗള കിർക്ക്പാട്രിക്, ഈ ചരിത്രപ്പാലത്തെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കടും പെയിന്റുകൾ ഒഴിവാക്കി പാലം വൃത്തിയായി സൂക്ഷിക്കാനും ആകർഷകമായ ലൈറ്റിങ് നൽകാനും മാത്രമാണ് നിലവിൽ ജനങ്ങളും കൗൺസിലർമാരും താല്പര്യപ്പെടുന്നത്.