Tasmania

ടാസ്മാനിയയ്ക്ക് കനത്ത തിരിച്ചടി; ബോഗ്സ് ബ്രൂവറിയിലെ മദ്യനിർമ്മാണം നവംബറോടെ അവസാനിക്കുന്നു

ഉത്പാദനം പൂർണ്ണമായും ക്വീൻസ്‌ലൻഡ്, ന്യൂ സൗത്ത് വെയ്ൽസ് എന്നിവിടങ്ങളിലെ ലയണിന്റെ (Lion) മെയിൻലാൻഡ് ശൃംഖലയിലേക്ക് മാറ്റാനാണ് കമ്പനിയുടെ തീരുമാനം.

Elizabath Joseph

ലോൺസെസ്റ്റൺ: ടാസ്മാനിയയിലെ ഏറ്റവും പ്രശസ്തമായ ബിയർ ബ്രാൻഡുകളിലൊന്നായ 'ബോഗ്സ് ബ്രൂവറി' ലോൺസെസ്റ്റണിലുള്ള തങ്ങളുടെ പ്ലാന്റിലെ മദ്യനിർമ്മാണം ഈ വർഷം നവംബറോടെ അവസാനിപ്പിക്കുന്നു. ഉത്പാദനം പൂർണ്ണമായും ക്വീൻസ്‌ലൻഡ്, ന്യൂ സൗത്ത് വെയ്ൽസ് എന്നിവിടങ്ങളിലെ ലയണിന്റെ (Lion) മെയിൻലാൻഡ് ശൃംഖലയിലേക്ക് മാറ്റാനാണ് കമ്പനിയുടെ തീരുമാനം. ചൊവ്വാഴ്ച രാവിലെ വിളിച്ചുചേർത്ത അടിയന്തിര യോഗത്തിലാണ് കമ്പനി അധികൃതർ ജീവനക്കാരെ ഈ വിവരം അറിയിച്ചത്.

ഈ തീരുമാനം ഫാക്ടറിയിലെ 42 പൂർണ്ണസമയ ജീവനക്കാരെ നേരിട്ട് ബാധിക്കും. എന്നാൽ ബ്രൂഹൗസിലെ പത്തോളം താൽക്കാലിക ജീവനക്കാരുടെ ജോലി നിലനിർത്തുമെന്നും ഈ വിഭാഗം തുടർന്നും പ്രവർത്തിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കാരിൽ പൊതുവെ ബിയർ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർഷങ്ങളായി ഉണ്ടാകുന്ന വൻ കുറവാണ് (പ്രതിവർഷം 1.5% ഇടിവ്) ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ലയൺ ചീഫ് എക്സിക്യൂട്ടീവ് അനുഭ സഹസ്രബുദ്ധെ പറഞ്ഞു. നിലവിൽ ഈ പ്ലാന്റ് അതിന്റെ യഥാർത്ഥ ശേഷിയുടെ അഞ്ചിലൊന്ന് മാത്രമാണ് ഉപയോഗിക്കുന്നത്.

തൊഴിലാളികൾക്കുള്ള പാക്കേജും സർക്കാർ ഫണ്ടും:

ജോലി നഷ്ടപ്പെടുന്ന തൊഴിലാളികളുടെ പുനരധിവാസത്തിനായി 5,00,000 ഡോളറും പ്രാദേശിക കൂട്ടായ്മകൾക്കായി 5,00,000 ഡോളറിന്റെ കമ്മ്യൂണിറ്റി ഫണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, 2023-ൽ പ്ലാന്റ് നവീകരണത്തിനായി ടാസ്മാനിയൻ സംസ്ഥാന സർക്കാർ അനുവദിച്ച 1 മില്യൺ ഡോളറിന്റെ ഗ്രാന്റ് തുക പൂർണ്ണമായും സർക്കാരിലേക്ക് തിരികെ നൽകുമെന്നും കമ്പനി സി.ഇ.ഒ വ്യക്തമാക്കി. നവംബറിന് ശേഷം ഈ പ്രദേശം സന്ദർശകർക്കായി ബോഗ്സ് ബിയറുകൾ ലഭ്യമാകുന്ന ഒരു കഫേ/ഫുഡ് വെന്യൂ ആയി മാറ്റാനാണ് പ്ലാൻ. ബിയർ ഉത്പാദനം മെയിൻലാൻഡിലേക്ക് മാറ്റിയാലും അതേ തനത് റെസിപ്പിയിലായിരിക്കും നിർമ്മിക്കുകയെന്നും ടാസ്മാനിയയിൽ ഇതിന്റെ വില വർദ്ധിപ്പിക്കില്ലെന്നും കമ്പനി ഉറപ്പുനൽകുന്നു.

1880-കൾ മുതൽ ലോൺസെസ്റ്റണിൽ ഉത്പാദനം ആരംഭിച്ച ഈ ഐക്കോണിക് ബ്രാൻഡ് ടാസ്മാനിയ വിട്ടുപോകുന്നത് സംസ്ഥാനത്തിന് ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണെന്ന് ടാസ്മാനിയൻ ഹോസ്പിറ്റാലിറ്റി അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് സ്റ്റീവ് ഓൾഡ് പ്രതികരിച്ചു. ജാപ്പനീസ് പാനീയ ഗ്രൂപ്പായ കിരിന്റെ (Kirin) കീഴിലുള്ള ലയൺ കമ്പനിയാണ് ബോഗ്സ് ബ്രാൻഡിന്റെ നിലവിലെ ഉടമസ്ഥർ. മുൻപ് 2024 ജൂണിലും 2025-ലും ഇവിടെ ജീവനക്കാരുടെ എണ്ണത്തിൽ കമ്പനി കുറവ് വരുത്തിയിരുന്നു.

SCROLL FOR NEXT