ഹോബാർട്ട്: റിട്ടോ ടിന്റോ ഉടമസ്ഥതയിലുള്ള ബെൽ ബേ അലുമിനിയം പ്ലാന്റിലെ 550-ലധികം ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിൽ. പ്ലാന്റും ഹൈഡ്രോ താസ്‌മാനിയയും തമ്മിലുള്ള നിലവിലെ ഊർജ്ജ വിതരണ കരാർ ഡിസംബർ 31-ന് അവസാനിക്കാനിരിക്കെ, പുതിയ കരാർ തുകയിലെ തർക്കമാണ് പ്രതിസന്ധിക്ക് കാരണം.
ഹൈഡ്രോ ടാസ്‌മാനിയ നൽകുന്ന വാണിജ്യ നിരക്കും റിട്ടോ ടിന്റോ ആവശ്യപ്പെടുന്ന നിരക്കും തമ്മിൽ പ്രതിവർഷം 60 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ (ഏകദേശം 330 കോടിയോളം രൂപ) കൂറ്റൻ വ്യത്യാസമുണ്ടെന്ന് സംസ്ഥാന ഊർജ്ജ മന്ത്രി നിക്ക് ഡ്യൂയിഗൻ പാർലമെന്റിനെ അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തിര സാമ്പത്തിക ഇടപെടൽ ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ വാദിക്കുമ്പോൾ, തർക്കം പരിഹരിക്കേണ്ടത് ഹൈഡ്രോയും റിട്ടോ ടിന്റോയും തമ്മിലാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഓസ്‌ട്രേലിയയിലെ തന്നെ പ്രമുഖ അലുമിനിയം ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ബെൽ ബേ അടച്ചുപൂട്ടേണ്ടി വന്നാൽ അത് താസ്‌മാനിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.