ഓസ്‌ട്രേലിയൻ സ്വതന്ത്ര എംപിയും മുൻ വിന്റർ ഒളിമ്പിക്‌സ് താരവുമായ സാലി സ്റ്റെഗാൾ, നടി സിഡ്നി സ്വീനിയെ ഉൾപ്പെടുത്തി യുഎസ് സ്പോർട്സ് വാതുവയ്പ് കമ്പനിയായുള്ള പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. അർധനഗ്നയായ സിഡ്നി സ്വീനി ‘സ്പോർട്ട്’ എന്ന വാക്ക് ആവർത്തിക്കുന്ന പരസ്യത്തിനെതിരെ ഓസ്‌ട്രേലിയയിലും മറ്റ് രാജ്യങ്ങളിലുമുള്ള നിരവധി വനിതാ കായികതാരങ്ങൾ കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു.
പരസ്യം “വളരെ മോശം” എന്നാണ് സ്റ്റെഗാൾ വിശേഷിപ്പിച്ചത്. കായികരംഗത്തെ കഠിനാധ്വാനവുമായി സിഡ്നി സ്വീനിക്ക് കാര്യമായ ബന്ധമില്ലെന്നും പുരുഷന്മാരെ ചൂതാട്ടത്തിലേക്ക് ആകർഷിക്കാൻ സ്ത്രീകളുടെ ശരീരത്തെ ഉപയോഗിക്കുന്ന പഴയ രീതിയിലുള്ള സമീപനമാണ് പരസ്യത്തിലുള്ളതെന്നും അവർ ആരോപിച്ചു. സ്ത്രീകളുടെ കായികരംഗത്തെ ശക്തിയും കഴിവും ധൈര്യവും അംഗീകരിക്കുന്നതിന് പകരം ഇത്തരം പരസ്യങ്ങൾ വീണ്ടും സ്ത്രീകളെ ലൈംഗികവൽക്കരിക്കുകയും വസ്തുവൽക്കരിക്കുകയും ചെയ്യുന്നതായി സ്റ്റെഗാൾ പറഞ്ഞു. പരസ്യം പ്രചരിപ്പിക്കുന്ന ചൂതാട്ട കമ്പനിയിൽ സിഡ്നി സ്വീനിക്ക് ഓഹരി പങ്കാളിത്തമുണ്ടെന്ന കാര്യവും അവർ ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് കായികരംഗത്ത് കൂടുതൽ മാധ്യമശ്രദ്ധയും അംഗീകാരവും തുല്യ വേതനവും ലഭിക്കാനായി പതിറ്റാണ്ടുകളായി പോരാട്ടം തുടരുന്നതിനിടെയാണ് ഇത്തരം പരസ്യങ്ങൾ നിരാശപ്പെടുത്തുന്നതെന്നും സ്റ്റെഗാൾ പറഞ്ഞു.