സിഡ്‌നി: സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവള റൺവേയിൽ റേഡിയോ നിർദ്ദേശങ്ങൾ പാലിക്കുന്നതിനിടെ പ്രമുഖ വിമാന കമ്പനികളായ ജെറ്റ്‌സ്റ്റാറിന്റെയും (Jetstar) ഖത്തർ എയർവേയ്‌സിന്റെയും (Qatar Airways) വിമാനങ്ങൾ തട്ടി കൂട്ടിയിടി ഒഴിവാക്കാൻ അടിയന്തിര ബ്രേക്ക് ഇടേണ്ടിവന്നു. എയർബസ് A320 വിമാനം പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് വിമാനത്തിനുള്ളിൽ വീണ് ജെറ്റ്‌സ്റ്റാറിലെ കാബിൻ ക്രൂ അംഗത്തിന് പരിക്കേറ്റു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ബോയിംഗ് 777 വിമാനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ പൈലറ്റുമാർ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ഗോൾഡ് കോസ്റ്റിലേക്ക് പുറപ്പെടേണ്ട ജെറ്റ്‌സ്റ്റാർ JQ402 വിമാനം ടാക്സിവേയിലൂടെ നീങ്ങുമ്പോഴായിരുന്നു അപകടം. എയർ ട്രാഫിക് കൺട്രോൾ (ATC) ജീവനക്കാരുടെ ക്ഷാമവും ഡ്യൂട്ടി റോസ്റ്റർ തടസ്സങ്ങളും മൂലം കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിഡ്‌നി എയർപോർട്ടിൽ സർവീസുകൾ വൈകുകയും പ്രശ്നങ്ങൾ നേരിടുകയും ചെയ്തിരുന്നു. സംഭവത്തിൽ ഓസ്‌ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ (ATSB) വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.