നീന്തൽ താരം ഐസക് കൂപ്പർ  (Getty)
Australia

ഗ്ലാസ്‌ഗോയിൽ മദ്യപിച്ച് ആഘോഷം; ഓസ്ട്രേലിയൻ നീന്തൽ താരം ഐസക് കൂപ്പർ നേതൃസംഘത്തിൽ നിന്ന് പിന്മാറി

കൂപ്പർ ഗ്ലാസ്‌ഗോയിലെ നീന്തൽ മത്സരങ്ങളുടെ അവസാന രാത്രിയിലും അവസാന ടീം യോഗത്തിലും പങ്കെടുത്തില്ലെന്നും ഇത് ടീമിന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമാണെന്നും സ്വിമ്മിംഗ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

Safvana Jouhar

ഗ്ലാസ്‌ഗോ കോമൺ‌വെൽത്ത് ഗെയിംസിനിടെ ടീമിന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി പെരുമാറിയതിനെ തുടർന്ന് ഓസ്ട്രേലിയൻ നീന്തൽ താരം ഐസക് കൂപ്പർ ഡോൾഫിൻസ് അത്‌ലറ്റ് ലീഡർഷിപ്പ് ഗ്രൂപ്പിൽ നിന്ന് സ്വമേധയാ പിന്മാറി. മത്സരത്തിന്റെ അവസാന ദിവസം കൂപ്പർ രാവിലെ റിലേ ഹീറ്റിൽ മത്സരിച്ചെങ്കിലും പുരുഷന്മാരുടെ 100 മീറ്റർ ബാക്ക്‌സ്ട്രോക്ക് ഫൈനലിൽ നിന്ന് പിന്മാറുകയായിരുന്നു. മത്സരിക്കാത്ത താരങ്ങൾ സഹതാരങ്ങളെ പിന്തുണയ്ക്കണമെന്നായിരുന്നു ടീമിന്റെ പ്രതീക്ഷ. എന്നാൽ, റിപ്പോർട്ടുകൾ പ്രകാരം കൂപ്പർ ആ ദിവസം രാത്രി മദ്യപിച്ച് പുറത്തായിരുന്നതിനാൽ അവസാന മത്സരദിനത്തിലും ടീമിന്റെ സമാപന യോഗത്തിലും പങ്കെടുത്തില്ല.

സംഭവത്തെ തുടർന്ന് കൂപ്പറുമായി ടീം അധികൃതരും ഹെഡ് കോച്ച് റൊഹാൻ ടെയ്‌ലറും കൂടിക്കാഴ്ച നടത്തി. തുടർന്ന് അദ്ദേഹം അത്‌ലറ്റ് ലീഡർഷിപ്പ് ഗ്രൂപ്പിൽ നിന്ന് സ്വമേധയാ പിന്മാറുകയായിരുന്നു. സംഭവത്തിൽ സ്വിമ്മിംഗ് ഓസ്‌ട്രേലിയ പുറത്തിറക്കിയ പ്രസ്താവനയിൽ, കൂപ്പർ ഗ്ലാസ്‌ഗോയിലെ നീന്തൽ മത്സരങ്ങളുടെ അവസാന രാത്രിയിലും അവസാന ടീം യോഗത്തിലും പങ്കെടുത്തില്ലെന്നും ഇത് ടീമിന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമാണെന്നും വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ കൂടുതൽ പ്രതികരണം നടത്തില്ലെന്നും കൂപ്പർ പാൻ പസഫിക് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുമെന്നും സ്വിമ്മിംഗ് ഓസ്‌ട്രേലിയ അറിയിച്ചു. നാല് വർഷം മുമ്പ് ഫ്രാൻസിലെ പരിശീലന ക്യാമ്പിൽ പ്രിസ്‌ക്രിപ്ഷൻ മരുന്നുകൾ ദുരുപയോഗം ചെയ്തതിനെ തുടർന്ന് കൂപ്പറെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. അതേസമയം ഗ്ലാസ്‌ഗോയിൽ നടന്ന മത്സരത്തിൽ 100 മീറ്റർ ബാക്ക്‌സ്ട്രോക്ക് സെമിഫൈനലിൽ കൂപ്പർ മത്സരിച്ചിരുന്നു. പുരുഷന്മാരുടെ 4x100 മീറ്റർ മെഡ്‌ലി റിലേയിൽ ഹീറ്റ്‌സിൽ പങ്കെടുത്ത് ഓസ്‌ട്രേലിയക്കായി സ്വർണ മെഡൽ നേട്ടത്തിലും അദ്ദേഹം പങ്കാളിയായി.

SCROLL FOR NEXT