മെൽബൺ: വരും ദിവസങ്ങളിൽ ഓസ്‌ട്രേലിയയുടെ തെക്കൻ മേഖലകളിൽ കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പശ്ചിമ ഓസ്‌ട്രേലിയയുടെ (WA) തീരദേശങ്ങളിൽ നിന്ന് ആരംഭിച്ച കനത്ത കാറ്റും മഴയും ശനിയാഴ്ചയോടെ സൗത്ത് ഓസ്‌ട്രേലിയയിലേക്കും (SA) ഞായറാഴ്ചയോടെ വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് തുടങ്ങിയ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും പടരും.
തുടർച്ചയായ മഴ മൂലം വിക്ടോറിയയിലെ 10 നദീതടങ്ങളിൽ പ്രളയ മുന്നറിയിപ്പ് (Flood Watch) നൽകിയിട്ടുണ്ട്. അതിവേഗത്തിൽ വീശിയടിക്കുന്ന ശക്തമായ കാറ്റ് തിങ്കളാഴ്ചയോടെ സിഡ്നി, കാൻബറ, മെൽബൺ നഗരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്ററിലധികം വേഗത കൈവരിക്കാൻ സാധ്യതയുള്ളതിനാൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി തടസ്സപ്പെടാനും സാധ്യതയുണ്ട്. കനത്ത മഴ കടുക്കുന്നതോടെ ഞായറാഴ്ച മഞ്ഞുമലകളിൽ മഞ്ഞുവീഴ്ച കുറഞ്ഞ് മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിലും, തിങ്കളാഴ്ചയോടെ താപനില കുത്തനെ ഇടിഞ്ഞ് റിസോർട്ടുകളിൽ വലിയ തോതിൽ മഞ്ഞുവീഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.