ABC News: Briana Fiore
South Australia

മരിച്ചയാളുടെ പേരിൽ വ്യാജ പ്രശംസാ കത്ത് പുറത്തുവിട്ടു, സർക്കാരിന് പിശക്

രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദുഃഖിതയായ ഒരു സ്ത്രീയേയും പരേതനേയും കരുവാക്കിയത് ലജ്ജാകരമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി

Elizabath Joseph

സൗത്ത് ഓസ്‌ട്രേലിയൻ ആരോഗ്യ വകുപ്പിന്റെ ചികിത്സാ പിഴവ് മൂലം പങ്കാളി മരിച്ചുവെന്ന് ആരോപിച്ച സ്ത്രീയെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിച്ച നടപടി വിവാദത്തിലായി. മരിച്ച സ്റ്റീഫൻ ജെയിംസ് കിംഗ് എന്ന വ്യക്തിയുടെ പേരിൽ ആരോഗ്യ സംവിധാനത്തെ പ്രശംസിച്ചുകൊണ്ടുള്ള ഇമെയിൽ സർക്കാർ പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് മറ്റൊരു സ്റ്റീഫൻ കിംഗ് അയച്ചതാണെന്ന് പിന്നീട് തെളിഞ്ഞു. ഇതോടെ മരിച്ചയാളുടെ കുടുംബത്തോട് സർക്കാർ മാപ്പ് പറഞ്ഞു.

കഴിഞ്ഞ വർഷം കാൻസർ ബാധിച്ച് മരിച്ച സ്റ്റീഫൻ കിംഗിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആംബുലൻസിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നെന്നും അദ്ദേഹത്തിന്റെ പങ്കാളി ബ്രോൺവെൻ പാറ്റേഴ്സൺ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രീമിയർക്ക് ലഭിച്ച ഒരു ഇമെയിൽ സർക്കാർ മാധ്യമങ്ങൾക്ക് നൽകിയത്. തന്റെ പങ്കാളിയുടെ പേരിൽ ഇത്തരമൊരു കത്ത് കണ്ട ബ്രോൺവെൻ മാനസികമായി തകരുകയും ഇത് കുടുംബത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതികരിക്കുകയും ചെയ്തു.

സംഭവം വിവാദമായതോടെ ആരോഗ്യ മന്ത്രി ക്രിസ് പിക്റ്റൺ ബ്രോൺവെനെ നേരിട്ട് വിളിച്ച് ഖേദം പ്രകടിപ്പിച്ചു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദുഃഖിതയായ ഒരു സ്ത്രീയേയും പരേതനേയും കരുവാക്കിയത് ലജ്ജാകരമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ഈ സംഭവം ഭരണകക്ഷിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

SCROLL FOR NEXT