മെൽബൺ: ദക്ഷിണ ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുകിഴക്കൻ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ രൂപപ്പെട്ട ന്യൂനമർദ്ദം (Low Pressure System) കിഴക്കൻ തീരത്തേക്ക് നീങ്ങുന്നതാണ് മഴ ശക്തമാകാൻ കാരണം. വടക്കുപടിഞ്ഞാറൻ ഉഷ്ണമേഖലാ സമുദ്രത്തിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റും, പടിഞ്ഞാറ് നിന്നുള്ള തണുത്ത കാറ്റും ഒത്തുചേരുന്നതോടെ കാലാവസ്ഥ കൂടുതൽ പ്രക്ഷുബ്ധമാകും.
തിങ്കളാഴ്ച സൗത്ത് ഓസ്‌ട്രേലിയൻ പെനിൻസുലകളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ന്യൂനമർദ്ദം പൂർണ്ണമായും കിഴക്കൻ ഓസ്‌ട്രേലിയയിലേക്ക് വ്യാപിക്കും. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലകളിലും ഓസ്‌ട്രേലിയൻ ആൽപ്സ് (Australian Alps) മലനിരകളിലും 50 മുതൽ 100 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. സ്പ്രിംഗ് കൊടുങ്കാറ്റ് സീസൺ (Spring Storm Season) ആരംഭിക്കുന്നതിന്റെ മുന്നോടിയായി വീടുകളിലെ റൂഫിംഗുകൾ ബലപ്പെടുത്താനും ഡ്രെയിനേജുകൾ വൃത്തിയാക്കാനും മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.