Supplied: Alicia Bolitho
South Australia

എട്ട് വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; സ്നാപ്പർ മത്സ്യബന്ധന വിലക്ക് അടുത്ത വർഷം പിൻവലിക്കാൻ SA

വരാനിരിക്കുന്ന വേനൽക്കാലത്ത് നടത്തുന്ന പരിശോധനകളിൽ മത്സ്യങ്ങളുടെ വർദ്ധനവ് തൃപ്തികരമാണെന്ന് തെളിഞ്ഞാൽ ജൂലൈ മുതൽ കർശന നിയന്ത്രണങ്ങളോടെ മത്സ്യബന്ധനം പുനരാരംഭിക്കും.

Elizabath Joseph

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയൻ തീരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സ്നാപ്പർ (Snapper) മത്സ്യബന്ധന നിരോധനം അടുത്ത വർഷം ജൂലൈ മുതൽ ഭാഗികമായി പിൻവലിക്കാൻ സർക്കാർ ഒരുങ്ങുന്നു. അമിതമായ മത്സ്യബന്ധനം മൂലം സ്നാപ്പർ മത്സ്യസമ്പത്ത് അപകടകരമായ രീതിയിൽ കുറഞ്ഞതിനെ തുടർന്ന് 2019-ലാണ് സംസ്ഥാനത്ത് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയത്. എട്ട് വർഷത്തോളമായി തുടരുന്ന നിരോധനം പിൻവലിക്കാനുള്ള നീക്കത്തെ വലിയ പ്രതീക്ഷയോടെയാണ് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ കാണുന്നത്.

സൗത്ത് ഓസ്‌ട്രേലിയൻ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (SARDI) നടത്തിയ ഏറ്റവും പുതിയ പഠനത്തിൽ വെസ്റ്റ് കോസ്റ്റ്, സ്പെൻസർ ഗൾഫ്, ഗൾഫ് സെന്റ് വിൻസെന്റ് തുടങ്ങിയ മേഖലകളിൽ സ്നാപ്പർ മത്സ്യങ്ങളുടെ സാന്നിധ്യം 20 ശതമാനത്തിലധികമായി ഉയർന്നതായി കണ്ടെത്തി. ഈ വർഷം നിരോധനം നീക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും കടലിലുണ്ടായ ആൽഗൽ ബ്ലൂമിന്റെ (Algal bloom) പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഒരു വർഷം കൂടി നീട്ടുകയായിരുന്നു. വരാനിരിക്കുന്ന വേനൽക്കാലത്ത് നടത്തുന്ന പരിശോധനകളിൽ മത്സ്യങ്ങളുടെ വർദ്ധനവ് തൃപ്തികരമാണെന്ന് തെളിഞ്ഞാൽ ജൂലൈ മുതൽ കർശന നിയന്ത്രണങ്ങളോടെ മത്സ്യബന്ധനം പുനരാരംഭിക്കും.

ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രൈമറി ഇൻഡസ്ട്രീസ് ആൻഡ് റീജിയൺസ് (PIRSA) തയ്യാറാക്കിയ പുനരുജ്ജീവന പദ്ധതി പ്രകാരം ക്വോട്ട നിയന്ത്രണവും പിടികൂടുന്ന മത്സ്യങ്ങളുടെ കൃത്യമായ വിവരങ്ങൾ സർക്കാരിനെ അറിയിക്കലും (Mandatory reporting) നിർബന്ധമാക്കും. കൊമേഴ്‌സ്യൽ ബോട്ടുകൾ പിടിക്കുന്ന എല്ലാ മത്സ്യങ്ങളുടെയും കണക്ക് നൽകുമ്പോൾ, വിനോദത്തിനായി മീൻപിടിക്കുന്നവർ കൈവശം വയ്ക്കുന്നവയുടെ വിവരങ്ങൾ മാത്രം നൽകിയാൽ മതിയാകും. അതേസമയം, ഡാറ്റ ശേഖരണത്തിലെ കൃത്യതക്കുറവും പഴയതുപോലെ അശാസ്ത്രീയ മാനേജ്‌മെന്റ് വീണ്ടും ആവർത്തിക്കുമോയെന്ന ആശങ്കയും ചില മത്സ്യത്തൊഴിലാളി യൂണിയനുകൾ ഉന്നയിക്കുന്നുണ്ട്.

SCROLL FOR NEXT