സ്രാവുകളുടെ സാന്നിധ്യം തത്സമയം അറിയാൻ പുതിയ വെബ്‌സൈറ്റ് Laura College/ Unsplash
South Australia

കടലിലിറങ്ങാൻ പേടി വേണ്ട; സ്രാവുകളുടെ സാന്നിധ്യം തത്സമയം അറിയാൻ പുതിയ വെബ്‌സൈറ്റ്

വിനോദസഞ്ചാരികൾക്കും മീൻപിടുത്തക്കാർക്കും ബോട്ട് യാത്രക്കാർക്കും ഒരേപോലെ ഉപകാരപ്പെടുന്നതാണ് ഈ പുതിയ തത്സമയ മുന്നറിയിപ്പ് സംവിധാനം.

Elizabath Joseph

അഡ്‌ലെയ്‌ഡ്: ദക്ഷിണ ഓസ്‌ട്രേലിയയിലെ ബീച്ചുകളിൽ എത്തുന്നവർക്ക് സ്രാവുകളുടെ സാന്നിധ്യം തത്സമയം അറിയാനും റിപ്പോർട്ട് ചെയ്യാനുമായി പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. കടൽതീരങ്ങളിൽ സ്രാവുകളെ കാണുന്നവർക്ക് ഉടൻ തന്നെ ഈ വെബ്‌സൈറ്റ് വഴി വിവരം കൈമാറാം. ഇത് ഉടനടി പൊതുജനങ്ങൾക്ക് ലഭ്യമാകും എന്നതിനാലാണ് ഈ സംവിധാനം കൂടുതൽ ഫലപ്രദമാകുന്നത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രൈമറി ഇൻഡസ്ട്രീസ് ആൻഡ് റീജിയൻസ് (PIRSA) ആണ് നിലവിലുള്ള വെബ്‌സൈറ്റ് പരിഷ്‌കരിച്ച് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

പൊതുജനങ്ങൾ നൽകുന്ന വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച് വ്യാജമോ ആവർത്തനമോ ആയ റിപ്പോർട്ടുകൾ നീക്കം ചെയ്യും. കടൽതീരങ്ങളിലും മീൻപിടുത്തക്കാർ എത്തുന്ന സ്ഥലങ്ങളിലും ഈ വെബ്‌സൈറ്റിലേക്ക് ലിങ്ക് ചെയ്യുന്ന ക്യു.ആർ കോഡുകൾ പതിച്ചിട്ടുണ്ട്. ഈ സംവിധാനം നിലവിൽ വന്നതിന് ശേഷം നിരവധി റിപ്പോർട്ടുകൾ ഇതിനോടകം പോർട്ടലിൽ രേഖപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് അൽഡിംഗ തീരത്ത് സ്രാവിനെ കണ്ടതായി പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ഏപ്രിൽ 7-ന് പോർട്ട് മൂറോവിയിലും ഏപ്രിൽ 5-ന് റോബിലും സ്രാവുകളെ കണ്ടതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

മിഡിൽടൺ ബീച്ചിൽ ഈസ്റ്റർ വാരാന്ത്യത്തിൽ 16 വയസ്സുകാരനായ ഒലിവർ ടോക്കിക്-ബെൻസ്‌ലി എന്ന സർഫർക്ക് സ്രാവിന്റെ കടിയേറ്റ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംവിധാനം കൂടുതൽ പ്രസക്തമാകുന്നത്. അത്ഭുതകരമായാണ് ഒലിവർ അന്ന് രക്ഷപ്പെട്ടത്. വിനോദസഞ്ചാരികൾക്കും മീൻപിടുത്തക്കാർക്കും ബോട്ട് യാത്രക്കാർക്കും ഒരേപോലെ ഉപകാരപ്പെടുന്നതാണ് ഈ പുതിയ തത്സമയ മുന്നറിയിപ്പ് സംവിധാനം.

SCROLL FOR NEXT