Unsplash
South Australia

മദ്യത്തിന്റെ ഹോം ഡെലിവറി നിയന്ത്രണം വൈകുന്നു; SA സർക്കാരിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ

ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വന്നിട്ടും, ലഹരി വിരുദ്ധ നിയമ ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

Elizabath Joseph

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിൽ ഗാർഹിക പീഡനങ്ങളും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും തടയുന്നതിനായി ഓൺലൈൻ വഴി വീടുകളിലേക്ക് മദ്യം ഡെലിവറി ചെയ്യുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന സർക്കാർ പ്രഖ്യാപനം വൈകുന്നതിൽ കടുത്ത ആശങ്കയറിയിച്ച് ആന്റി-വയലൻസ് ക്യാമ്പെയ്നർമാർ. കഴിഞ്ഞ മാർച്ച് മാസത്തിലെ സംസ്ഥാന പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വന്നിട്ടും, ലഹരി വിരുദ്ധ നിയമ ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

കഴിഞ്ഞ 2023-ൽ സംസ്ഥാനത്തുണ്ടായ തുടർച്ചയായ ആറ് ഗാർഹിക പീഡന മരണങ്ങളെത്തുടർന്നാണ് ഗാർഹിക-ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു റോയൽ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. കമ്മീഷൻ സമർപ്പിച്ച 136 നിർദ്ദേശങ്ങളിൽ 129 എണ്ണവും പ്രീമിയർ പീറ്റർ മലിനാസ്കാസിന്റെ (Peter Malinauskas) നേതൃത്വത്തിലുള്ള സർക്കാർ അംഗീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പാർലമെന്റിൽ ലിക്വർ ലൈസൻസിങ് ആക്ട് (Liquor Licensing Act) ഭേദഗതി ചെയ്യുമെന്നായിരുന്നു പ്രീമിയറുടെ അന്നത്തെ വാഗ്ദാനം. എന്നാൽ പുതിയ പാർലമെന്റ് പത്തിലധികം തവണ സമ്മേളിച്ചിട്ടും ഇതുവരെ ബിൽ മേശപ്പുറത്തുവെച്ചിട്ടില്ലെന്ന് ഫൗണ്ടേഷൻ ഫോർ ആൽക്കഹോൾ റിസർച്ച് ആൻഡ് എജ്യുക്കേഷനിലെ (FARE) അയ്‌ല ചോർലി കുറ്റപ്പെടുത്തി.

നിർദ്ദിഷ്ട നിയമ ഭേദഗതിയിലെ പ്രധാന നിയന്ത്രണങ്ങൾ:

വീടുകളിൽ മദ്യം ഡെലിവറി ചെയ്യുന്നത് വഴിയുണ്ടാകുന്ന അക്രമങ്ങൾ തടയാൻ മൂന്ന് പ്രധാന നിർദ്ദേശങ്ങളാണ് നിയമത്തിൽ കൊണ്ടുവരുന്നത്:

രണ്ട് മണിക്കൂർ ബഫർ ടൈം: ഓൺലൈൻ വഴി മദ്യം ഓർഡർ ചെയ്താൽ കുറഞ്ഞത് രണ്ട് മണിക്കൂറിന് ശേഷമേ അത് വീട്ടിൽ എത്തിക്കാൻ പാടുള്ളൂ (പെട്ടെന്ന് മദ്യം വാങ്ങി ലഹരി മൂത്ത് അക്രമം നടത്തുന്നത് തടയാൻ).

ഡെലിവറി സമയത്തിൽ കുറവ്: രാത്രി വൈകി വീടുകളിലേക്ക് മദ്യം എത്തിക്കുന്ന സമയം വെട്ടിച്ചുരുക്കും.

സുരക്ഷയ്ക്ക് മുൻഗണന: മദ്യപാനം മൂലമുണ്ടാകുന്ന ഹാനികൾ കുറയ്ക്കുക എന്നതായിരിക്കണം നിയമത്തിന്റെ പ്രധാന ലക്ഷ്യം.

അതിക്രമം കാട്ടുന്ന വ്യക്തി വീട്ടിലിരുന്ന് വീണ്ടും വീണ്ടും മദ്യം ഓർഡർ ചെയ്ത് വരുത്തി കുടിക്കുന്നത് ഭയത്തോടെ കണ്ടുനിൽക്കേണ്ടി വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ജെസ് ഹിൽ ഓർമ്മിപ്പിച്ചു. അതേസമയം, റോയൽ കമ്മീഷൻ നിർദ്ദേശങ്ങളോട് സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും, പുതിയ ഉപഭോക്തൃ കാര്യ മന്ത്രി മൈക്കൽ ബ്രൗണിന്റെ നേതൃത്വത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച്, പൊതുജനങ്ങളുമായി ചർച്ച നടത്തിയ ശേഷം ബിൽ ഉടൻ തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും സർക്കാർ വക്താവ് വ്യക്തമാക്കി.

SCROLL FOR NEXT