സൗത്ത് ഓസ്‌ട്രേലിയൻ സംസ്ഥാന തിരഞ്ഞെടുപ്പിൽ ഇന്ന് ജനവിധി ABC News: Trent Murphy
South Australia

സൗത്ത് ഓസ്‌ട്രേലിയയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ലേബർ പാർട്ടിക്ക് മുന്നേറ്റം

രാവിലെ 8 മണിക്ക് പോളിംഗ് ബൂത്തുകൾ തുറന്നതോടെ പതിനായിരക്കണക്കിന് വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തുന്നത്

Elizabath Joseph

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയൻ സംസ്ഥാന തിരഞ്ഞെടുപ്പിൽ ഇന്ന് ജനവിധി. ശനിയാഴ്ച രാവിലെ 8 മണിക്ക് പോളിംഗ് ബൂത്തുകൾ തുറന്നതോടെ പതിനായിരക്കണക്കിന് വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തുന്നത്. നിലവിലെ പ്രീമിയർ പീറ്റർ മാലിനൗസ്കാസിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി വൻ വിജയം നേടുമെന്ന് പ്രവചിക്കപ്പെടുമ്പോൾ, പ്രതിപക്ഷമായ ലിബറൽ പാർട്ടിയുടെ സ്ഥാനം ഭീഷണിയിലാണെന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത.

റെക്കോർഡ് പോളിംഗ്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ECSA) കണക്കുകൾ പ്രകാരം 4,54,800 പേർ ഇതിനോടകം തന്നെ 'ഏർലി വോട്ടിംഗ്' വഴി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഇരട്ടിയിലധികമാണ്. ഇത്തവണ വോട്ടർമാർക്ക് പ്രത്യേക കാരണങ്ങൾ ബോധിപ്പിക്കാതെ തന്നെ നേരത്തെ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

വൺ നേഷൻ തരംഗം: പോളിൻ ഹാൻസന്റെ നേതൃത്വത്തിലുള്ള വൺ നേഷൻ പാർട്ടിക്ക് സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് അഭിപ്രായ സർവ്വേകൾ സൂചിപ്പിക്കുന്നത്. പല മണ്ഡലങ്ങളിലും ലിബറൽ പാർട്ടിയേക്കാൾ ജനപിന്തുണ വൺ നേഷനാണ്. ഇത് ലിബറൽ പാർട്ടിയുടെ പ്രതിപക്ഷ സ്ഥാനം തന്നെ നഷ്ടപ്പെടുത്തിയേക്കുമോ എന്ന ആശങ്ക വർദ്ധിപ്പിക്കുന്നു.

രാഷ്ട്രീയ പോരാട്ടം: കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായവും തൊഴിൽ പരിശീലനവുമാണ് ലേബർ പാർട്ടിയുടെ പ്രധാന വാഗ്ദാനങ്ങൾ. റോയൽ അഡ്‌ലെയ്ഡ് ഹോസ്പിറ്റലിന്റെ വികസനം ലിബറൽ പാർട്ടി ഉയർത്തിക്കാട്ടുമ്പോൾ, വൺ നേഷൻ പാർട്ടിയുടെ പ്രചാരണത്തിന് ഖനന വ്യവസായി ജിന റൈൻഹാർട്ടിന്റെ പിന്തുണ ലഭിച്ചത് വലിയ ചർച്ചയായിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ക്ഷാമം കാരണം വൈയാല (Whyalla), പോർട്ട് അഗസ്റ്റ (Port Augusta) എന്നിവിടങ്ങളിലെ ചില പോളിംഗ് ബൂത്തുകൾ ലയിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുന്നതോടെ വണ്ണെണ്ണൽ ആരംഭിക്കും. സ്വകാര്യ രാഷ്ട്രീയ സംഭാവനകൾ നിരോധിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാൽ ഓസ്‌ട്രേലിയയൊട്ടാകെ ഈ ഫലത്തെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. രാത്രിയോടെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

SCROLL FOR NEXT