ഇ-ബൈക്കുകൾ 
South Australia

കുട്ടികൾക്ക് ഇ-ബൈക്ക് നൽകരുത്;സൗത്ത് ഓസ്‌ട്രേലിയയിൽ കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് ഡോക്ടർമാർ

നിലവിൽ സംസ്ഥാനത്ത് ഇ-ബൈക്കുകൾ ഉപയോഗിക്കുന്നതിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് ഡോക്ടർമാരുടെ ഈ അടിയന്തിര ഇടപെടൽ.

Elizabath Joseph

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് ബൈക്ക് (E-Bike) അപകടങ്ങളും അതുവഴിയുണ്ടാകുന്ന കടുത്ത പരിക്കുകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിയമപരിഷ്കരണത്തിന് ആവശ്യപ്പെട്ട് ആരോഗ്യ രംഗത്തെ വിദഗ്ധർ. 16 വയസ്സിൽ താഴെയുള്ള കുട്ടികൾ ഇ-ബൈക്കുകൾ ഓടിക്കുന്നത് പൂർണ്ണമായി നിരോധിക്കണമെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ സൗത്ത് ഓസ്‌ട്രേലിയൻ (AMA SA) വിഭാഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ സംസ്ഥാനത്ത് ഇ-ബൈക്കുകൾ ഉപയോഗിക്കുന്നതിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് ഡോക്ടർമാരുടെ ഈ അടിയന്തിര ഇടപെടൽ.

മണിക്കൂറിൽ 25 കിലോമീറ്ററിലധികം വേഗതയിൽ പോകുന്ന ഇ-ബൈക്കുകൾ അപകടത്തിൽപ്പെടുമ്പോൾ കൗമാരക്കാരിൽ മാരകമായ ബ്രെയിൻ ഇഞ്ചുറി (തലച്ചോറിലെ പരിക്ക്), നെഞ്ചിനും വയറിനും ഏൽക്കുന്ന ആന്തരിക പരിക്കുകൾ (Blunt trauma), അസ്ഥിഭംഗം എന്നിവ വ്യാപകമായി ഉണ്ടാകുന്നതായി എ.എം.എ എസ്.എ പ്രസിഡന്റ് ഡോ. പീറ്റർ സുബ്രഹ്മണ്യം വ്യക്തമാക്കി. ഹെൽമറ്റ് ധരിക്കാതെ ഇ-ബൈക്ക് ഓടിക്കുന്നതാണ് പരിക്കുകളുടെ ആഘാതം കൂട്ടുന്നത്. കൂടാതെ, കാൽനടയാത്രക്കാർക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഇ-ബൈക്കുകളുടെ അമിതവേഗത വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഇതിനോടകം തന്നെ ഇ-ബൈക്ക് ഓടിക്കുന്നവർക്ക് 16 വയസ്സ് നിർബന്ധമാക്കിയിട്ടുണ്ട്. ന്യൂ സൗത്ത് വെയ്ൽസ്, ക്വീൻസ്‌ലൻഡ് എന്നീ സംസ്ഥാനങ്ങളും യൂറോപ്യൻ യൂണിയനും സമാനമായ പ്രായപരിധി കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.

ഇ-ബൈക്കുകളുടെ പ്രായപരിധി നിശ്ചയിക്കുന്നതിനൊപ്പം, വിപണിയിൽ വിൽക്കപ്പെടുന്ന ബൈക്കുകളുടെ ഗുണനിലവാരവും വേഗതയും നിയന്ത്രിക്കാൻ കടുത്ത മാനദണ്ഡങ്ങൾ വേണമെന്നും മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. മണിക്കൂറിൽ 25 കിലോമീറ്ററിലധികം വേഗത നൽകുന്ന ഉയർന്ന വാട്ടേജ് ഉള്ള ഇ-ബൈക്കുകളുടെ വിൽപന നിയന്ത്രിക്കണം. കഴിഞ്ഞ ജൂലൈ മുതൽ നടപ്പിലാക്കിയ വ്യക്തിഗത യാത്രാ ഉപാധികളുമായി (E-mobility devices) ബന്ധപ്പെട്ട നിയമങ്ങൾ പുനപരിശോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇ-ബൈക്ക് സാങ്കേതികവിദ്യ അതിവേഗം വളരുകയാണെന്നും മെഡിക്കൽ വിദഗ്ധരുടെ ഉപദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് നിയമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും സൗത്ത് ഓസ്‌ട്രേലിയൻ ഗതാഗത മന്ത്രി ജോ സകാക്സ് (Joe Szakacs) അറിയിച്ചു. ഇ-ബൈക്കായാലും സാധാരണ സൈക്കിളായാലും യാത്രക്കാർ ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

SCROLL FOR NEXT