രോഗികൾ ആശുപത്രികളിൽ കുടുങ്ങി; സൗത്ത് ഓസ്‌ട്രേലിയക്ക് ഭീമമായ നഷ്ടം  
South Australia

വൃദ്ധപരിപാലന കേന്ദ്രങ്ങളിൽ കിടക്കകളില്ല; രോഗികൾ ആശുപത്രികളിൽ കുടുങ്ങി; SAയ്ക്ക് ഭീമമായ നഷ്ടം

ഡിസ്ചാർജ് ചെയ്യാൻ വൈദ്യസഹായം ആവശ്യമില്ലെങ്കിലും കിടക്കകളുടെ ക്ഷാമം മൂലം 487 ഓളം പ്രായമായ രോഗികളാണ് നിലവിൽ സംസ്ഥാനത്തെ ആശുപത്രികളിൽ കുടുങ്ങിക്കിടക്കുന്നത്

Elizabath Joseph

അഡ്‌ലെയ്ഡ്: വയോജന പരിചരണ കേന്ദ്രങ്ങളിൽ (Aged care) കിടക്കകൾ ലഭ്യമല്ലാത്തതിനാൽ ആശുപത്രികളിൽ തുടരേണ്ടി വരുന്ന രോഗികൾക്കായി സൗത്ത് ഓസ്‌ട്രേലിയൻ സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിച്ചത് 123.7 മില്യൺ ഡോളർ. ഡിസ്ചാർജ് ചെയ്യാൻ വൈദ്യസഹായം ആവശ്യമില്ലെങ്കിലും കിടക്കകളുടെ ക്ഷാമം മൂലം 487 ഓളം പ്രായമായ രോഗികളാണ് നിലവിൽ സംസ്ഥാനത്തെ ആശുപത്രികളിൽ കുടുങ്ങിക്കിടക്കുന്നത്. ഒരാൾക്കായി പ്രതിദിനം ശരാശരി 1,318 ഡോളറാണ് സർക്കാർ ചെലവഴിക്കുന്നത്.

ദീർഘകാലം ആശുപത്രികളിൽ തുടരുന്നത് വയോജനങ്ങളിൽ അണുബാധയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും അടിയന്തര ചികിത്സ ആവശ്യമുള്ള പുതിയ രോഗികൾക്ക് കിടക്കകൾ ലഭിക്കാതിരിക്കാൻ ഇത് വഴിവെക്കുമെന്നും മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകി. പ്രതിസന്ധി പരിഹരിക്കാൻ 650 പുതിയ കിടക്കകൾ ലക്ഷ്യമിട്ട് 250 മില്യൺ ഡോളറിന്റെ പലിശരഹിത വായ്പാ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റി ഹോം കെയർ പാക്കേജുകൾ വേഗത്തിൽ വിതരണം ചെയ്യണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ബ്ലെയർ ബോയർ ആവശ്യപ്പെട്ടു.

SCROLL FOR NEXT