ലോകത്തിന്‍റെ ഏതു ഭാഗത്താണെങ്കിലും മലയാളികൾക്ക് ഓണം ഇന്നലെകളിലേക്കുള്ള മടങ്ങിപ്പോക്കാണ്. കൂടിച്ചേരലുകളും രുചിക്കൂട്ടുകളും ആഘോഷങ്ങളും പങ്കുവയ്ക്കലുമെല്ലാം ചേരുന്ന ഒന്നാണ് വിദേശത്തെ ഓണാഘോഷങ്ങൾ. അത്തരത്തിൽ മനസ്സിലെന്നും തങ്ങിനിൽക്കുന്ന ഒരു ഓണാഘോഷമാണ് ഓസ്ട്രേലിയയിലെ സൗത്ത് അഡലൈഡ് മലയാളീ കമ്മ്യൂണിറ്റി ഇത്തവണ നടത്തിയത്.
സൗത്ത് അഡലൈഡ് മലയാളീ കമ്മ്യൂണിറ്റിയുടെ വർണ്ണശബളമായ ഓണാഘോഷം 2025 കോസ്ഗ്രോവ് ഹാൾ, ക്ലോവല്ലി പാർക്ക്, സൗത്ത് ഓസ്‌ട്രേലിയയിൽ വെച്ച് അത്യാഘോഷപൂർവ്വം നടത്തി. സംഘടനയുടെ പതിനഞ്ചാമത്തെ വാർഷികത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടിയിൽ പങ്കെടുത്ത എഴുനൂറ്റിയമ്പതോളം ആളുകളാണ് പങ്കെടുത്തത്.
കമ്യൂണിറ്റി പ്രസിഡന്‍റ് ഷിജു സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. വിശിഷ്ടാതിഥികളായി സോയ് ബെറ്റിസൺ (മിനിസ്റ്റർ ഓഫ് മൾട്ടികൾച്ചറൽ, സൗത്ത് ഓസ്ട്രേലിയ), ലൗസി മില്ലർ ഫ്രോസ്റ്റ് (മെമ്പർ ഓഫ് ദി സൗത്ത് ഓസ്‌ട്രേലിയൻ ഹൗസ് ഓഫ് റെപ്രസന്ററ്റീവ്സ്), നാദിയ ക്ലാൻസി (മെമ്പർ ഓഫ് ദി സൗത്ത് ഓസ്‌ട്രേലിയൻ ഹൗസ് ഓഫ് അസംബ്ലി ഫോർ എൽഡേഴ്സ്), ജിങ് ലീ (മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ ഓഫ് സൗത്ത് ഓസ്‌ട്രേലിയ) എന്നിവർ പങ്കെടുത്തു. കൂടാതെ, ഷിബു പൗലോസ് (ഐഡിയൽ ലോൺസ്), ലീമ ഡേവിസ് (ബീയോണ്ട് ടൈൽസ്), സുജിത് സോമൻ (ജനറൽ സെക്രട്ടറി) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഓണാഘോഷത്തിന് മാവേലിയും ചെണ്ടമേളവും സവിശേഷമായ ദൃശ്യാനുഭവം നൽകി. 150 കുട്ടികളുടേയും മുപ്പതോളം മുതിർന്നവരുടേയും കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. പരിപാടിയോടനുബന്ധിച്ച് പായസ മത്സരം, പുസ്തക പ്രകാശനം എന്നിവയും സംഘടിപ്പിച്ചു.
ഓണാഘോഷത്തിന്‍റെ പ്രധാന ആകർഷണം 29 തരം വിഭവങ്ങൾ വിളമ്പിയ സമുദ്ധമായ ഓണസദ്യയായിരുന്നു. പങ്കെടുത്ത എഴുനൂറ്റിയമ്പതോളം പേർക്ക് ഈ സദ്യ ഗൃഹാതുരത്വമുണർത്തുന്ന ഒരനുഭവമായി.
ഷിജു സെബാസ്റ്റ്യൻ്റെയും മറ്റ് കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തിൽ, സൗത്ത് അഡലൈഡ് മലയാളീ കമ്മ്യൂണിറ്റി സംഘടിപ്പിച്ച ഈ ഓണാഘോഷം കേരളീയ സംസ്കാരത്തിന്‍റെ തനിമയും സൗന്ദര്യവും ഓസ്ട്രേലിയൻ മണ്ണിൽ എത്തിച്ച് പ്രവാസ ലോകത്തിന് അഭിമാനമായി.