Kate Pounder (left) and Iain Ross (second left)   (ABC News: Thomas Kelsall)
South Australia

ദക്ഷിണ ഓസ്‌ട്രേലിയയിലെ എഐ റോയൽ കമ്മിഷന് നേതൃത്വം നൽകാൻ ഡോ. ഇയാൻ റോസ്

മുൻ ടെക് കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ സിഇഒ കേറ്റ് പൗണ്ടറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധൻ ക്രിസ്റ്റഫർ മാനിംഗുമാണ് മറ്റ് രണ്ട് കമ്മിഷണർമാർ.

Safvana Jouhar

ദക്ഷിണ ഓസ്‌ട്രേലിയയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച റോയൽ കമ്മിഷന്റെ അധ്യക്ഷനായി മുൻ ഫെഡറൽ കോടതി ജഡ്ജി ഡോ. ഇയാൻ റോസ് എഒയെ നിയമിച്ചു. മുൻ ടെക് കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ സിഇഒ കേറ്റ് പൗണ്ടറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധൻ ക്രിസ്റ്റഫർ മാനിംഗുമാണ് മറ്റ് രണ്ട് കമ്മിഷണർമാർ. ദക്ഷിണ ഓസ്‌ട്രേലിയ പ്രീമിയർ പീറ്റർ മലിനൗസ്‌കാസ് നിയമനങ്ങൾ പ്രഖ്യാപിച്ചു.

റിസർവ് ബാങ്കിന്റെ മോണിറ്ററി ബോർഡ് അംഗമായ ഡോ. റോസ് നെറ്റ് സീറോ കമ്മിഷന്റെ ചെയർമാനുമാണ്. തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്ന കാലഘട്ടത്തിൽ ഫെയർ വർക്ക് കമ്മിഷൻ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എഐ ഭാവിയിലെ തൊഴിൽ മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ റോയൽ കമ്മിഷൻ പരിശോധിക്കുന്നതിനാൽ ഡോ. റോസിന്റെ അനുഭവസമ്പത്ത് നിർണായകമാണെന്ന് പ്രീമിയർ പറഞ്ഞു. എഐ ഇതിനകം ജനങ്ങളുടെ ജീവിതത്തിലും തൊഴിൽരീതികളിലും മാറ്റങ്ങൾ സൃഷ്ടിച്ചുതുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണ ഓസ്‌ട്രേലിയയിൽ എഐ സൃഷ്ടിക്കുന്ന സാമ്പത്തിക, സാമൂഹിക അവസരങ്ങളും പ്രത്യാഘാതങ്ങളും പരിശോധിക്കുകയാണ് റോയൽ കമ്മിഷന്റെ പ്രധാന ചുമതല. ഉൽപ്പാദനക്ഷമത, നവീകരണം, സാമ്പത്തിക വളർച്ച എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള എഐയുടെ സാധ്യതകളും വ്യവസായ മേഖലയിലെ തടസ്സങ്ങളും നയപരമായ ക്രമീകരണങ്ങളും കമ്മിഷൻ പരിശോധിക്കും. എഐയിലൂടെ ലഭിക്കുന്ന സാമൂഹിക നേട്ടങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും അതേസമയം വ്യക്തികളെയും സമൂഹത്തെയും എഐയുമായി ബന്ധപ്പെട്ട അപകടസാധ്യതകളിൽ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്നും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.

വ്യവസായം, സർക്കാർ, ഗവേഷണം, സമൂഹം എന്നിവിടങ്ങളിൽ എഐയുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ വികസനം, വിന്യാസം, ഉപയോഗം എന്നിവ ഉറപ്പാക്കാൻ ആവശ്യമായ നിയമപരമായ ചട്ടക്കൂടുകളും കമ്മിഷൻ പരിശോധിക്കും. അടുത്ത വർഷം ജൂലൈ 1നകം റോയൽ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SCROLL FOR NEXT