ഗ്രേഹൗണ്ട് റെയ്‌സിംഗ്  Greyhound Racing |Animals Australia
South Australia

സൗത്ത് ഓസ്‌ട്രേലിയൻ ഗ്രേഹൗണ്ട് റെയ്‌സിംഗ് വ്യവസായത്തിന്റെ സുപ്രധാന സമയപരിധി അവസാനിച്ചു

Elizabath Joseph

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ ഗ്രേഹൗണ്ട് (വേട്ടനായ്ക്കൾ) പന്തയ വ്യവസായത്തിൽ നിലനിൽക്കുന്ന ക്രൂരതകള്‍ അവസാനിപ്പിക്കുന്നതിനായി സർക്കാർ നൽകിയ രണ്ട് വർഷത്തെ കടുത്ത സമയപരിധി അവസാനിച്ചു. 2023-ൽ ട്രെയിനർമാരുടെ കേന്ദ്രങ്ങളിൽ നായ്ക്കൾ ക്രൂരമായി മർദ്ദിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതിനെത്തുടർന്നാണ് ഈ കായിക വിനോദം വലിയ വിവാദത്തിലായത്. ഇതേത്തുടർന്ന് മുൻ വിക്ടോറിയൻ പോലീസ് കമ്മീഷണർ ഗ്രഹാം ആഷ്ടന്റെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷനെ (Ashton Inquiry) നിയമിക്കുകയും, വ്യവസായം നവീകരിക്കാൻ രണ്ട് വർഷത്തെ അന്ത്യശാസനം സർക്കാർ നൽകുകയുമായിരുന്നു. ഈ സമയപരിധിക്കുള്ളിൽ സ്വയം തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ ഗ്രേഹൗണ്ട് പന്തയങ്ങൾ സംസ്ഥാനത്ത് പൂർണ്ണമായി നിരോധിക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയർ പീറ്റർ മലിനാസ്കസ് അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

കമ്മീഷൻ മുന്നോട്ട് വെച്ച 87 നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും ഇതിനകം നടപ്പിലാക്കിയതായും കെനലുകളുടെ (നായ്ക്കൂടുകൾ) വലിപ്പം കൂട്ടൽ, നായ്ക്കളുടെ വിവരങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യാനുള്ള ട്രേസബിലിറ്റി സംവിധാനം എന്നിവ പൂർത്തിയാക്കിയതായും വ്യവസായ സംഘടനയായ ഗ്രേഹൗണ്ട് റെയ്‌സിംഗ് എസ്എ (GRSA) അവകാശപ്പെട്ടു. എന്നാൽ മൃഗസംരക്ഷണ കൂട്ടായ്മകൾ ഈ വാദങ്ങളെ പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. വലിപ്പം കൂട്ടൽ പോലുള്ള പ്രധാന മാറ്റങ്ങൾ അവസാന നിമിഷം മാത്രമാണ് ചെയ്തതെന്നും മൃഗക്ഷേമത്തേക്കാൾ ചൂതാട്ടത്തിനാണ് ഇവർ മുൻഗണന നൽകുന്നതെന്നും 'കോയലിഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ഗ്രേഹൗണ്ട്സ്' ആരോപിച്ചു. പരിഷ്കാരങ്ങൾ നിരീക്ഷിക്കാൻ നിയമിക്കപ്പെട്ട പ്രത്യേക ഇൻസ്പെക്ടർ സാൽ പെർണയുടെ അന്തിമ വിലയിരുത്തൽ റിപ്പോർട്ട് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ സർക്കാരിന് സമർപ്പിക്കുമെന്നും അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും ആക്ടിങ് പ്രീമിയർ ക്യാം മഹർ വ്യക്തമാക്കി.

SCROLL FOR NEXT