ഗ്രേഹൗണ്ട് റെയ്‌സിംഗ്  Greyhound Racing |Animals Australia
South Australia

ഗ്രേഹൗണ്ട് റേസിംഗിന് കർശന നിരീക്ഷണം; സൗത്ത് ഓസ്‌ട്രേലിയയിൽ സ്വതന്ത്ര സമിതിയെ നിയോഗിക്കും

2023-ൽ ഗ്രഹാം ആഷ്ടൺ അന്വേഷണ കമ്മീഷൻ മുന്നോട്ടുവെച്ച 78 ശുപാർശകളിൽ 73 എണ്ണവും ഗ്രേഹൗണ്ട് റേസിംഗ് സൗത്ത് ഓസ്‌ട്രേലിയ (GRSA) നടപ്പാക്കിയതായി റിപ്പോർട്ട് വിലയിരുത്തി.

Elizabath Joseph

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിൽ വിവാദമായ ഗ്രേഹൗണ്ട് നായയോട്ട മത്സരങ്ങൾ തുടരാൻ അനുമതി നൽകിക്കൊണ്ട് മൃഗസംരക്ഷണവും സുതാര്യതയും ഉറപ്പാക്കാൻ പുതിയ സ്വതന്ത്ര നിരീക്ഷണ സമിതിയെ (Independent Watchdog) നിയോഗിക്കാൻ സർക്കാർ തീരുമാനം. വ്യവസായത്തിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളും മൃഗങ്ങളോടുള്ള ക്രൂരതയും ചൂണ്ടിക്കാട്ടി ഉയർന്ന പരാതികളെത്തുടർന്ന് വിക്ടോറിയ മുൻ റേസിംഗ് ഇന്റഗ്രിറ്റി കമ്മീഷണർ സാൽ പെർണ സമർപ്പിച്ച 172 പേജുള്ള അന്തിമ അവലോകന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2023-ൽ ഗ്രഹാം ആഷ്ടൺ അന്വേഷണ കമ്മീഷൻ മുന്നോട്ടുവെച്ച 78 ശുപാർശകളിൽ 73 എണ്ണവും ഗ്രേഹൗണ്ട് റേസിംഗ് സൗത്ത് ഓസ്‌ട്രേലിയ (GRSA) നടപ്പാക്കിയതായി റിപ്പോർട്ട് വിലയിരുത്തി. ബാക്കി അഞ്ച് ശുപാർശകൾ ഉടൻ പൂർത്തിയാക്കുമെന്ന നിബന്ധനയിലാണ് മത്സരം തുടരാൻ അനുമതി നൽകുന്നത്. ഓസ്‌ട്രേലിയയിൽ സ്വതന്ത്ര ഇന്റഗ്രിറ്റി നിരീക്ഷണ സംവിധാനമില്ലാത്ത ഏക സംസ്ഥാനമായിരുന്നു സൗത്ത് ഓസ്‌ട്രേലിയ. പുതിയ സമിതിക്ക് നിയമസാധുത നൽകുന്ന ബിൽ അടുത്ത വർഷം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കായിക-റേസിംഗ് മന്ത്രി റിയാനൺ പിയേഴ്‌സ് അറിയിച്ചു. അതേസമയം, നായ്ക്കളെ പരിശീലിപ്പിക്കുന്നതിലും പാർപ്പിക്കുന്നതിലും ഇപ്പോഴും ഗുരുതരമായ വീഴ്ചകളുണ്ടെന്നും വാച്ച്ഡോഗ് രൂപീകരണത്തിന് കൃത്യമായ സമയപരിധി നിശ്ചയിക്കാത്തത് അംഗീകരിക്കാനാവില്ലെന്നും മൃഗസംരക്ഷണ സംഘടനകളും ഗ്രീൻസ് പാർട്ടിയും കുറ്റപ്പെടുത്തി.

SCROLL FOR NEXT