അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ യോർക്ക് പെനിൻസുല ഉൾപ്പെടെയുള്ള റീജിയണൽ മേഖലകളിൽ കഴിഞ്ഞ ഒന്നര വർഷമായി ജനങ്ങളെയും ചെറുകിട വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കിയ തുടർച്ചയായ വൈദ്യുതി തടസ്സത്തിന് പരിഹാരമാകുന്നു. വരിഞ്ഞുമുറുക്കിയ ഇന്ധന പ്രതിസന്ധികൾക്കിടയിലും ലക്ഷക്കണക്കിന് രൂപ മുടക്കി ജനറേറ്ററുകളെ ആശ്രയിക്കേണ്ടി വന്ന റീജിയണൽ നിവാസികളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് പ്രശ്നം പരിഹരിക്കാൻ 'എസ്.എ പവർ നെറ്റ്‌വർക്ക്സ്' മുന്നോട്ട് വന്നിട്ടുള്ളത്. ഇൻസുലേറ്ററുകളിൽ അടിഞ്ഞുകൂടുന്ന മലിനീകരണം മൂലമുണ്ടാകുന്ന പവർ കട്ടുകൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്തുടനീളം 10 മില്യൺ ഡോളർ ചെലവഴിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു.
ദീർഘകാലം നീണ്ടുനിൽക്കുന്ന വരണ്ട കാലാവസ്ഥയിൽ ഇൻസുലേറ്ററുകളിൽ പൊടിയും ഉപ്പും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടുകയും, ഇതിലേക്ക് നേരിയ ഈർപ്പം (Moisture) കലരുമ്പോൾ ഉണ്ടാകുന്ന 'ഫ്ലാഷോവർ' പ്രതിഭാസവുമാണ് വൈദ്യുതി ബന്ധം തകരാൻ കാരണം. മിൻലാറ്റനിലെ പ്രമുഖ ബ്രൂവറി കമ്പനിയായ വാട്സകോവിയുടെ മാനേജർ ജോഷ് പാർസൺസ് തങ്ങൾ നേരിട്ട ദുരിതം പങ്കുവെച്ചു. ഒരു രാത്രിയിൽ തന്നെ പത്തോളം തവണ ലൈൻ തകരാറിലാകുന്നതും, വിലകൂടിയ നിർണ്ണായക മെഷിനറികൾ കേടാകുന്നതും പതിവായിരുന്നു. മറ്റൊരു പ്രമുഖ ബിസിനസ്സായ മിൻലാറ്റൻ ബേക്കറി ഉടമ ലിസ മാർട്ടിൻ, കഴിഞ്ഞ രണ്ട് വേനൽക്കാലങ്ങളിലായി ഉണ്ടായ നിർബന്ധിത അടച്ചുപൂട്ടലും ഉൽപന്നങ്ങൾ നശിച്ചതും വഴി തങ്ങൾക്ക് 1,00,000 നും 1,50,000 നും ഇടയിൽ ഓസ്‌ട്രേലിയൻ ഡോളറിന്റെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
ഈ സാങ്കേതിക പ്രശ്നം മെട്രോപൊളിറ്റൻ നഗരങ്ങളിലാണ് ഉണ്ടായതെങ്കിൽ അധികൃതർ 18 മാസങ്ങൾക്ക് മുൻപ് തന്നെ പരിഹരിക്കുമായിരുന്നുവെന്നും, റീജിയണൽ മേഖല ആയതുകൊണ്ടാണ് ഇത്രയും വൈകിച്ചതെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി. പതിവ് അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതാണ് ഈ തകരാറിലേക്ക് നയിച്ചതെന്നും അവർ ആക്ഷേപിച്ചു. എന്നാൽ, പുതിയ പദ്ധതിപ്രകാരം സംസ്ഥാനത്തുടനീളമുള്ള പതിനായിരത്തോളം ഇൻസുലേറ്ററുകൾ മാറ്റിസ്ഥാപിക്കുമെന്നും, രണ്ടായിരത്തിലധികം ഇൻസുലേറ്ററുകളിൽ മലിനീകരണം തടയുന്നതിനായി സിലിക്കൺ കോട്ടിങ് നൽകുമെന്നും എസ്.എ പവർ നെറ്റ്‌വർക്ക്സ് എക്സ്റ്റേണൽ അഫയേഴ്സ് മാനേജർ സിസിലിയ ഷൂട്സ് (Cecelia Schutz) അറിയിച്ചു. ഇതിനായുള്ള പ്രാഥമിക വിലയിരുത്തലുകൾ ആരംഭിച്ചതായും പ്രധാന ജോലികൾ വരും ജൂലൈ മാസത്തോടെ സജീവമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.