അഡ്‌ലെയ്ഡ്: രാജ്യാന്തര വിപണിയിൽ പോക്കിമോൻ ട്രേഡിംഗ് കാർഡുകളുടെ മൂല്യം കോടികളിലേക്ക് കുതിച്ചുയർന്നതോടെ, ഓസ്‌ട്രേലിയയിലെ കളിക്കടകൾ കേന്ദ്രീകരിച്ച് വൻ മോഷണ പരമ്പരകൾ. അഡ്‌ലെയ്ഡിലെ ബ്ലെയർ അതോളിൽ മേൽക്കൂര തകർത്ത് അകത്തുകടന്ന മോഷ്ടാവ് ഏകദേശം $20,000 (ഏകദേശം 11 ലക്ഷത്തിലധികം രൂപ) വിലമതിക്കുന്ന പോക്കിമോൻ കാർഡുകളാണ് കവർന്നത്. സംഭവത്തിൽ 47-കാരനായ പ്രതിയെ സൗത്ത് ഓസ്‌ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു.
മെൽബൺ, പെർത്ത്, ബ്രിസ്‌ബെയ്ൻ തുടങ്ങിയ നഗരങ്ങളിലെ കളക്ഷൻ ഷോപ്പുകളിലും സമീപ മാസങ്ങളിൽ സമാനമായ കവർച്ചകൾ അരങ്ങേറി. സ്വർണ്ണാഭരണങ്ങളേക്കാൾ എളുപ്പത്തിൽ പോക്കറ്റിലിട്ട് കടത്താമെന്നതും, കണ്ടെത്താൻ പ്രയാസമാണെന്നതും, ഉയർന്ന തുകയ്ക്ക് എളുപ്പത്തിൽ മറിച്ചുവിൽക്കാമെന്നതുമാണ് പോക്കിമോൻ കാർഡുകളെ മോഷണ സംഘങ്ങളുടെ പ്രധാന ലക്ഷ്യമാക്കുന്നത്. ഇതോടെ ജ്വല്ലറികൾക്ക് സമാനമായി ഷട്ടറുകൾ, ബൊള്ളാർഡുകൾ (Bollards), ഫോഗ് അലാറങ്ങൾ, അത്യാധുനിക സിസിടിവി സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കാൻ പതിനായിരക്കണക്കിന് ഡോളറാണ് കടയുടമകൾ ചെലവഴിക്കുന്നത്.
മുപ്പത് വർഷം പഴക്കമുള്ള ഈ ജാപ്പനീസ് കാർഡ് ഗെയിമിന് സമീപകാലത്ത് അന്താരാഷ്ട്ര നിക്ഷേപകർക്കിടയിലുണ്ടായ വൻ ഡിമാൻഡാണ് വിപണിയിലെ വിലക്കയറ്റത്തിന് കാരണം. ഈ വർഷം ഒരു അമേരിക്കൻ യൂട്യൂബർ അത്യപൂർവ്വമായ ഒരു പോക്കിമോൻ കാർഡ് 22.6 ദശലക്ഷം ഡോളറിനാണ് (ഏകദേശം 180 കോടിയിലധികം രൂപ) വിറ്റത്. ബിറ്റ്‌കോയിനെയും പ്രമുഖ ഓഹരി വിപണി സൂചികകളായ എസ്&പി 500-നെയും (S&P 500) പിന്തള്ളുന്ന സാമ്പത്തിക നേട്ടമാണ് നിലവിൽ പോക്കിമോൻ കാർഡുകൾ നിക്ഷേപകർക്ക് നൽകുന്നത്. 100 മുതൽ 200 ഡോളർ വരെ വിലയുണ്ടായിരുന്ന ബോക്സുകൾ നിലവിൽ 8,000 ഡോളറിലേറെയ്ക്കാണ് പുനർവിൽപന നടക്കുന്നത്.