പ്രീമിയർ പീറ്റർ മലിനൗസ്കാസ്  (Dominic Lorrimer)
South Australia

എഐ ഉപയോഗിച്ചുള്ള പാർക്കിങ് പിഴകൾ നിരോധിക്കാനൊരുങ്ങി സൗത്ത് ഓസ്‌ട്രേലിയ

പിഴ ചുമത്താൻ മനുഷ്യ ഇടപെടൽ നിർബന്ധമാക്കുമെന്ന് പ്രീമിയർ പീറ്റർ മലിനൗസ്കാസ്; പുതിയ നിയമം ക്രിസ്മസോടെ നടപ്പാക്കും.

Safvana Jouhar

സൗത്ത് ഓസ്‌ട്രേലിയയിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പാർക്കിങ് നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നത് നിരോധിക്കുമെന്ന് പ്രീമിയർ പീറ്റർ മലിനൗസ്കാസ്. അഡലെയ്ഡ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ കൗൺസിലുകൾ ഇനി പാർക്കിങ് ഇൻസ്‌പെക്ടർമാരെ ഉപയോഗിച്ച് നേരിട്ട് പിഴ നോട്ടീസ് നൽകണമെന്നാണ് സർക്കാരിന്റെ നിർദേശം. പുതിയ നിയന്ത്രണങ്ങൾ ക്രിസ്മസോടെ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു. അഡലെയ്ഡ് സിറ്റി കൗൺസിൽ 2021 മുതൽ 'പാർക്ക് സേഫ്' എന്ന സംവിധാനം ഉപയോഗിക്കുന്നുണ്ട്. കാറിന് മുകളിൽ സ്ഥാപിച്ച ക്യാമറകൾ നഗരവീഥികളിലെ ദൃശ്യങ്ങൾ പകർത്തുകയും നിയമവിരുദ്ധ പാർക്കിങ് കണ്ടെത്തുകയും ചെയ്യുന്ന സംവിധാനമാണിത്. സംസ്ഥാനത്തെ മറ്റ് ചില കൗൺസിൽ മേഖലകളിലും സമാന പരീക്ഷണങ്ങൾ നടത്തിയിരുന്നു.

എന്നാൽ ക്യാമറകൾ രേഖപ്പെടുത്തിയ പാർക്കിങ് നിയമലംഘനങ്ങളിൽ നാലിലൊന്നും അപ്പീൽ നൽകിയതിനെ തുടർന്ന് പിന്നീട് റദ്ദാക്കിയതായി കൗൺസിൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ സംവിധാനത്തിൽ നിയമലംഘനം നടത്തിയാൽ ഡ്രൈവർമാർക്ക് ഒരാഴ്ച വരെ പിഴ നോട്ടീസ് ലഭിക്കാറില്ലെന്നും അതിനാൽ അറിയാതെ ഒന്നിലധികം തവണ നിയമലംഘനം നടത്താൻ സാധ്യതയുണ്ടെന്നും പ്രീമിയർ ചൂണ്ടിക്കാട്ടി. പാർക്കിങ് പിഴ നൽകുമ്പോൾ മനുഷ്യന്റെ വിലയിരുത്തലും സാഹചര്യങ്ങൾ പരിഗണിക്കാനുള്ള വിവേചനാധികാരവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഡലെയ്ഡ് സിറ്റി കൗൺസിലിന്റെ കണക്കുകൾ പ്രകാരം 2024–25 സാമ്പത്തിക വർഷത്തിൽ എഐ സംവിധാനം ഉപയോഗിച്ച് 31,000-ത്തിലധികം പാർക്കിങ് നോട്ടീസുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒൻപത് മാസത്തിനിടെ ഏകദേശം 27,000 നോട്ടീസുകളും നൽകി. സർക്കാരിന്റെ നിർദേശത്തിനെതിരെ അഡലെയ്ഡ് സിറ്റി കൗൺസിലർ കീറൻ സ്നേപ്പ് രംഗത്തെത്തി. റോഡ് സുരക്ഷയെ ബാധിക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം വിമർശിച്ചു. പാർക്കിങ് നിയന്ത്രണങ്ങളിൽ കൂടുതൽ മനുഷ്യ ഇടപെടൽ വേണമെങ്കിലും ഗതാഗത സുരക്ഷ ഉറപ്പാക്കാൻ വാഹനങ്ങളിലെ സാങ്കേതിക നിരീക്ഷണം ഒഴിവാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ പ്രസിഡന്റ് ഹെതർ ഹോംസ്-റോസും നിർദേശത്തെ ചോദ്യം ചെയ്തു. നിയമലംഘനത്തിന് എത്ര സമയം അനുവദിക്കാനാകുമെന്ന ചോദ്യവും അവർ ഉന്നയിച്ചു. എന്നാൽ പാർക്കിങ് നിയമലംഘനങ്ങളും ജീവൻ രക്ഷിക്കാനുള്ള ഗതാഗത നിയമങ്ങളുടെ ലംഘനങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്ന് സർക്കാർ വക്താവ് വ്യക്തമാക്കി. അമിതവേഗം, ചുവപ്പ് സിഗ്നൽ മറികടക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ എന്നിവ അപകടകരമായ പ്രവൃത്തികളാണ്. അതേസമയം പാർക്കിങ് നിയന്ത്രണങ്ങൾ പ്രധാനമായും പാർക്കിങ് സ്ഥലങ്ങളുടെ ഉപയോഗം ക്രമീകരിക്കുന്നതിനുള്ളതാണെന്നും വക്താവ് വിശദീകരിച്ചു.

SCROLL FOR NEXT