മെൽബൺ: വിക്ടോറിയ സംസ്ഥാനത്തെ പ്രശസ്തമായ മോട്ടോറിങ് സർക്യൂട്ടായ ഫിലിപ്പ് ഐലൻഡിന് വീണ്ടുമൊരു കനത്ത സാമ്പത്തിക പ്രഹരം. കടുത്ത ജനപ്രീതിയുള്ള അന്താരാഷ്ട്ര കായിക മാമാങ്കമായ 'ഫിം സൂപ്പർബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ഓസ്‌ട്രേലിയൻ റൗണ്ട് മത്സരങ്ങൾ ഇനി വിക്ടോറിയയിൽ ഉണ്ടാകില്ല. 2027 വരെ മാത്രമായിരിക്കും ഫിലിപ്പ് ഐലൻഡ് ഇതിന് ആതിഥേയത്വം വഹിക്കുക. തുടർന്ന് 2028 മുതൽ സൗത്ത് ഓസ്‌ട്രേലിയയിലെ 'ദി ബെൻഡ്' (The Bend) സർക്യൂട്ടിലേക്ക് ഈ ആഗോള മത്സരം മാറ്റാൻ സംഘാടകർ തീരുമാനിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ലോകപ്രശസ്തമായ 'ഓസ്‌ട്രേലിയൻ മോട്ടോർസൈക്കിൾ ഗ്രാൻഡ് പ്രീ' (MotoGP) വിക്ടോറിയയ്ക്ക് നഷ്ടപ്പെടുകയും അത് സൗത്ത് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അതിന് പിന്നാലെ ആറ് മാസത്തിനുള്ളിൽ വിക്ടോറിയയിൽ നിന്നും സൗത്ത് ഓസ്‌ട്രേലിയയിലേക്ക് മാറ്റുന്ന രണ്ടാമത്തെ വലിയ രാജ്യാന്തര മോട്ടോറിങ് ഇവന്റാണിത്. 1990 മുതൽ സൂപ്പർബൈക്ക് മത്സരങ്ങൾക്ക് സ്ഥിരമായി വേദിയാകുന്ന ഫിലിപ്പ് ഐലൻഡ് കമ്മ്യൂണിറ്റിക്ക് ഈ തീരുമാനം വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. ഇത് തദ്ദേശീയ വിനോദസഞ്ചാര മേഖലയെ പൂർണ്ണമായി തകർക്കുന്ന ഒന്നാണെന്ന് ബാസ് കോസ്റ്റ് മേയർ ബ്രെറ്റ് ടെസാരി പറഞ്ഞു.
ഫെബ്രുവരിയിൽ മോട്ടോജിപി നഷ്ടപ്പെട്ടതോടെ സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്ക് ഏകദേശം 29 മില്യൺ ഡോളറിന്റെ (ഏകദേശം 160 കോടിയിലധികം ഇന്ത്യൻ രൂപ) വരുമാന നഷ്ടവും 284-ലധികം സ്ഥിരം തൊഴിലവസരങ്ങളുമാണ് ഇല്ലാതായത്. ഇതിന് പിന്നാലെ സൂപ്പർബൈക്ക് മത്സരങ്ങൾ കൂടി പോകുന്നതോടെ പ്രദേശത്തെ ഹോട്ടൽ, വ്യാപാര മേഖലകൾ കടുത്ത പ്രതിസന്ധിയിലാകും. സൗത്ത് ഓസ്‌ട്രേലിയൻ സർക്കാർ കായിക രംഗത്ത് വൻ മുന്നേറ്റം നടത്തുമ്പോൾ വിക്ടോറിയൻ സർക്കാർ തങ്ങളെ അവഗണിക്കുകയാണെന്ന് മേയർ കുറ്റപ്പെടുത്തി.
എന്നാൽ, വിദേശ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനി സൂപ്പർബൈക്ക് ചാമ്പ്യൻഷിപ്പ് ഫിലിപ്പ് ഐലൻഡിൽ നിന്നും മാറ്റാൻ തീരുമാനിച്ചതിൽ നിരാശയുണ്ടെന്നും, ഇതിന് പകരമായി ആഗോള നിലവാരത്തിലുള്ള മറ്റൊരു വലിയ കായിക മാമാങ്കം ഫിലിപ്പ് ഐലൻഡിൽ എത്തിക്കാനായി സർക്കാർ ചർച്ചകൾ നടത്തിവരികയാണെന്നും വിക്ടോറിയൻ കായിക-മേജർ ഇവന്റ്സ് മന്ത്രി സ്റ്റീവ് ഡിമോപൗലോസ് വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളതിനേക്കാൾ കൂടുതൽ വൻകിട വിനോദ-കായിക പരിപാടികൾ ഇപ്പോഴും വിക്ടോറിയയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച ട്രാക്ക് സൗകര്യങ്ങളും മോട്ടോർസ്‌പോർട്ടിനോടുള്ള താല്പര്യവുമാണ് റേസിങ് 'ദി ബെൻഡിലേക്ക്' മാറ്റാൻ കാരണമെന്ന് വേൾഡ്എസ്ബികെ എക്സിക്യൂട്ടീവ് ഡയറക്ടർ ഗ്രിഗോറിയോ ലാവില്ല പറഞ്ഞു.