ABC News: Wade Stephens
South Australia

ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമം; മിൽഡുറയെ SA യുമായി ബന്ധിപ്പിച്ച് പുതിയ ബസ് സർവീസ് ആരംഭിച്ചു

നിലവിലെ സ്റ്റേറ്റ്‌ലൈനർ സർവീസിനെ ബാധിക്കാതിരിക്കാൻ സൗത്ത് ഓസ്‌ട്രേലിയൻ സർക്കാരുമായുള്ള കരാർ പ്രകാരം മിൽഡുറയിലേക്ക് പോകുന്ന യാത്രക്കാരെ മാത്രമേ സൗത്ത് ഓസ്‌ട്രേലിയയിൽ നിന്ന് കയറ്റാൻ അനുമതിയുള്ളൂ.

Elizabath Joseph

മിൽഡുറ: വിക്ടോറിയയുടെ വടക്കുപടിഞ്ഞാറൻ നഗരമായ മിൽഡുറയെ സൗത്ത് ഓസ്‌ട്രേലിയൻ തലസ്ഥാനമായ അഡ്‌ലെയ്ഡുമായി ബന്ധിപ്പിക്കുന്ന പുതിയ എക്സ്പ്രസ് ബസ് സർവീസിന് തുടക്കമായി. 'ദി മോണ്ടി എക്സ്പ്രസ്' (The Monty Express) എന്ന് പേരിട്ടിരിക്കുന്ന 36 സീറ്റർ ബസ് സ്റ്റർട്ട് ഹൈവേയിലൂടെ റെൻമാർക്ക് വഴിയാണ് സർവീസ് നടത്തുന്നത്. 2016-ൽ ഗ്രേഹൗണ്ട് ഓസ്‌ട്രേലിയയും തുടർന്ന് കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ 2020-ൽ മറ്റൊരു സർവീസും പ്രവർത്തനം അവസാനിപ്പിച്ചതിന് ശേഷം കഴിഞ്ഞ ആറ് വർഷമായി ഈ റൂട്ടിൽ നേരിട്ടുള്ള യാത്രാസൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.

റെക്സ് എയർലൈൻസ് 2023 മേയിൽ മിൽഡുറ-അഡ്‌ലെയ്ഡ് വിമാന സർവീസ് റദ്ദാക്കിയതോടെ, മെൽബൺ വഴിയോ സിഡ്നി വഴിയോ വിമാനമാർഗ്ഗമോ, അല്ലെങ്കിൽ മണിക്കൂറുകൾ നീളുന്ന ബൈപാസ് റോഡുകൾ വഴിയോ മാത്രമേ പ്രദേശവാസികൾക്ക് അഡ്‌ലെയ്ഡിലേക്ക് യാത്ര ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. മുൻ ഐടി പ്രൊഫഷണലായ സ്റ്റുവർട്ട് സോണ്ടേഴ്സ് ജനങ്ങൾക്കിടയിൽ നടത്തിയ സർവേയിലെ വൻ പിന്തുണയെത്തുടർന്നാണ് തന്റെ കരിയർ മാറ്റിവെച്ച് സ്വന്തമായി ബസ് വാങ്ങി ഈ സംരംഭത്തിന് തുടക്കമിട്ടത്. വളർത്തുനായയായ കാവൂഡിലിന്റെ പേരാണ് ബസിന് നൽകിയിരിക്കുന്നത്.

തുടക്കത്തിൽ ആഴ്ചയിൽ രണ്ട് ദിവസങ്ങളിലാണ് സർവീസ്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ അഡ്‌ലെയ്ഡിൽ നിന്ന് പുറപ്പെട്ട് ചൊവ്വ, വെള്ളി ദിവസങ്ങളിൽ മിൽഡുറയിൽ നിന്ന് മടങ്ങും. മിൽഡുറ, റെൻമാർക്ക്, അഡ്‌ലെയ്ഡ് എയർപോർട്ട്, അഡ്‌ലെയ്ഡ് സെൻട്രൽ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. നിലവിലെ സ്റ്റേറ്റ്‌ലൈനർ സർവീസിനെ ബാധിക്കാതിരിക്കാൻ സൗത്ത് ഓസ്‌ട്രേലിയൻ സർക്കാരുമായുള്ള കരാർ പ്രകാരം മിൽഡുറയിലേക്ക് പോകുന്ന യാത്രക്കാരെ മാത്രമേ സൗത്ത് ഓസ്‌ട്രേലിയയിൽ നിന്ന് കയറ്റാൻ അനുമതിയുള്ളൂ. 24 മണിക്കൂറിലേറെ സമയവും 600 ഡോളറിലധികം തുകയും ചെലവഴിച്ച് യാത്ര ചെയ്തിരുന്ന റിവർലാൻഡ് നിവാസികൾക്ക് മെൽബണിലേക്കുള്ള വി/ലൈൻ (V/Line) ട്രെയിൻ, ബസ് കണക്റ്റിവിറ്റി എളുപ്പമാക്കാനും പുതിയ സർവീസ് വഴിയൊരുക്കും.

SCROLL FOR NEXT