അഡിലെയ്ഡ്: ദക്ഷിണ ഓസ്‌ട്രേലിയയിലെ കൂബർ പെഡി മേഖലയിലെ തുറന്ന ഖനിയിൽ 36കാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓപ്പൽ ഖനന നഗരമായ കൂബർ പെഡിക്ക് തെക്ക് ഭാഗത്തുള്ള ഖനിയിൽ വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
മേജർ ക്രൈം വിഭാഗത്തിലെ ഡിറ്റക്ടീവുകളും ഫോറൻസിക് ഉദ്യോഗസ്ഥരും പ്രാദേശിക പൊലീസിനൊപ്പം അന്വേഷണം നടത്തുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടം പരിശോധനയും നടത്തി. അതേസമയം, മരണം സംശയാസ്പദമല്ലെന്നാണ് നിലവിൽ പൊലീസിന്റെ നിലപാട്. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് കൊറോണറിന് സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.