അഡിലെയ്ഡ്: മൾട്ടി മില്യൺ ഡോളർ ഫെഡറൽ ഗ്രാന്റിനായുള്ള അപേക്ഷയിൽ മുതിർന്ന കാബിനറ്റ് മന്ത്രിയുടെ ഓഫീസ് പ്രാദേശിക കൗൺസിലുമായി നേരിട്ട് ബന്ധപ്പെട്ടത് പൂർണമായും നിയമാനുസൃതമായ നടപടിയാണെന്ന് ലേബർ എംപി ജൂലിയൻ ഹിൽ. ആരോഗ്യമന്ത്രി മാർക്ക് ബട്ട്ലറുടെ ഓഫീസ്, അദ്ദേഹത്തിന്റെ സൗത്ത് ഓസ്‌ട്രേലിയൻ ഇലക്ടറേറ്റിന്റെ ഭാഗമായ സിറ്റി ഓഫ് ചാൾസ് സ്റ്റർട്ട് കൗൺസിലിനോട് ഒരു ക്ഷണാധിഷ്ഠിത ഗ്രാന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിച്ചതായി എബിസിക്ക് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. പദ്ധതിയുടെ കൃത്യമായ ചെലവ് നിർണയം പൂർത്തിയാകുന്നതിന് മുമ്പായിരുന്നു ഇത്.
ജൂബിലി റിസർവിന്റെ പുനർവികസനത്തിനായി ഏകദേശം 6 മില്യൺ ഡോളർ വിലമതിക്കുന്ന നിർദേശം സമർപ്പിക്കാൻ ബട്ട്ലറുടെ ഓഫീസ് മേയറോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. തുടർന്ന് 2025ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെഡറൽ ലേബർ പദ്ധതിക്കായി 5 മില്യൺ ഡോളർ വാഗ്ദാനം ചെയ്തു. റിസർവിലെ ലൈറ്റിംഗ് സംവിധാനത്തിനും മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുമായി കൗൺസിൽ ആദ്യം ആവശ്യപ്പെട്ടത് 1.2 മില്യൺ ഡോളറായിരുന്നു. ബട്ട്ലറുടെ ഓഫീസ് ഇടപെട്ടതിന് ശേഷമാണ് കൂടുതൽ തുക ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. 560 മില്യൺ ഡോളറിന്റെ കമ്മ്യൂണിറ്റി, സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഗ്രാന്റ് പദ്ധതിയിലേക്ക് 45 ഇലക്ടറേറ്റുകളെ അപേക്ഷിക്കാൻ ക്ഷണിച്ചില്ലെന്നും അവയ്ക്ക് ഫണ്ട് ലഭിച്ചില്ലെന്നും സെന്റർ ഫോർ പബ്ലിക് ഇന്റഗ്രിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വിവാദം.
പ്രധാനമന്ത്രി ആന്തണി ആൽബനീസിന്റെ ഇലക്ടറേറ്റിലെ ഒരു ഗോൾഫ് ക്ലബിനും ഗ്രാന്റ് ലഭിച്ചിരുന്നു. പ്രധാനമന്ത്രി ക്ലബിന്റെ ഓണററി അംഗമായിരുന്നതും ശ്രദ്ധ നേടിയിരുന്നു. ലേബർ എംപിയും ദീർഘകാല ഓഡിറ്റ് കമ്മിറ്റി അധ്യക്ഷനുമായ ജൂലിയൻ ഹിൽ ഗ്രാന്റ് അനുവദിച്ച നടപടിയെ ന്യായീകരിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനുള്ള ശരിയായ മാർഗം സർക്കാർ സ്വീകരിച്ച നടപടിയാണെന്ന് ഓഡിറ്റർ ജനറൽ പൊതുഅന്വേഷണങ്ങളിൽ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി പൊതുസേവന വിഭാഗത്തിന്റെ വാല്യു-ഫോർ-മണി വിലയിരുത്തൽ പൂർത്തിയാക്കിയ ശേഷമാണ് ഫണ്ടിംഗിനായി ശുപാർശ ചെയ്തതെന്നും പ്രാദേശിക കൗൺസിലുകളുമായി എംപിമാർ ബന്ധപ്പെടുന്നത് നിയമാനുസൃതമാണെന്നും ഹിൽ വ്യക്തമാക്കി.
എന്നാൽ ലിബറൽ പാർട്ടി ഡെപ്യൂട്ടി നേതാവ് ജെയ്ൻ ഹ്യൂം ഗ്രാന്റ് നടപടിയെ വിമർശിച്ചു. ക്ഷണാധിഷ്ഠിത പദ്ധതികളിൽ അപേക്ഷിക്കാൻ മാത്രമല്ല, കൂടുതൽ തുക ആവശ്യപ്പെടാനും കൗൺസിലുകളെയും ഗോൾഫ് ക്ലബുകളെയും പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് അവർ പറഞ്ഞു. 2020ൽ അന്നത്തെ സഖ്യസർക്കാരിന്റെ ഗ്രാന്റ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദവും വീണ്ടും ചർച്ചയായി. ഗ്രാന്റ് ലഭിച്ച ഗോൾഫ് ക്ലബിലെ അംഗത്വം വെളിപ്പെടുത്തുന്നതിൽ അന്നത്തെ നാഷണൽസ് സെനറ്റർ ബ്രിഡ്ജറ്റ് മക്കെൻസി മന്ത്രിതല മാനദണ്ഡങ്ങൾ ലംഘിച്ചതായി റിപ്പോർട്ട് കണ്ടെത്തിയിരുന്നു. തുടർന്ന് അവർ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു. ഗ്രാന്റ് പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്താൻ സെനറ്റ് തിങ്കളാഴ്ച വോട്ട് ചെയ്തു. 2025ലെ തിരഞ്ഞെടുപ്പിൽ ലേബറിന്റെ നേരിയ ഭൂരിപക്ഷമുള്ള സീറ്റുകളിലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ ഈ പദ്ധതി ഉപയോഗിച്ചതായാണ് ആരോപണം. മാർക്ക് ബട്ട്ലറുടെ ഓഫീസിനോട് പ്രതികരണം തേടിയിട്ടുണ്ട്.