South Australia

ദക്ഷിണ ഓസ്‌ട്രേലിയയിൽ ചത്ത തിമിംഗലക്കുട്ടിയെ കണ്ടെത്തി: പക്ഷിപ്പനി സംശയിക്കുന്നതായി അന്വേഷണം

ഏകദേശം 3.5 മീറ്റർ നീളവും 180 കിലോഗ്രാം ഭാരവുമുള്ള ഈ തിമിംഗലം 'മിങ്കെ' (Minke Whale) വിഭാഗത്തിൽപ്പെട്ടതാണെന്ന് ഫ്ലൂറിയു മറൈൻ എഡ്യൂക്കേഷൻ സെന്ററിലെ ഐൻ മിൽനെ വ്യക്തമാക്കി.

Safvana Jouhar

ദക്ഷിണ ഓസ്‌ട്രേലിയയിലെ ഫ്ലൂറിയു പെനിൻസുലയിലുള്ള (Fleurieu Peninsula) വിക്ടർ ഹാർബറിന് സമീപമുള്ള ഡംപ് ബീച്ചിൽ ചത്ത നിലയിൽ കണ്ടെത്തിയ തിമിംഗലക്കുട്ടിക്ക് പക്ഷിപ്പനി (H5 Bird Flu) ബാധിച്ചിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിക്കുന്നു. പ്രൈമറി ഇൻഡസ്ട്രീസ് ആൻഡ് റീജിയൻസ് സൗത്ത് ഓസ്‌ട്രേലിയക്ക് (PIRSA) ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പ്രദേശത്ത് സുരക്ഷ മുൻകരുതലുകൾ ഏർപ്പെടുത്തി. മുൻകരുതൽ നടപടിയുടെ ഭാഗമായി തീരത്ത് എത്തിയ ആളുകളെ മാറ്റുകയും തിമിംഗലം കിടന്ന ഭാഗം ബാരിക്കേഡ് കെട്ടി തിരിച്ചിട്ടുമുണ്ട്.

ഏകദേശം 3.5 മീറ്റർ നീളവും 180 കിലോഗ്രാം ഭാരവുമുള്ള ഈ തിമിംഗലം 'മിങ്കെ' (Minke Whale) വിഭാഗത്തിൽപ്പെട്ടതാണെന്ന് ഫ്ലൂറിയു മറൈൻ എഡ്യൂക്കേഷൻ സെന്ററിലെ ഐൻ മിൽനെ വ്യക്തമാക്കി. ജീവിയിൽ പ്രകടമായ മുറിവുകളൊന്നും കാണാനില്ല. പക്ഷിപ്പനി മൂലമുള്ള മരണസാധ്യത തള്ളിക്കളയാനാകില്ലെങ്കിലും, മോശം കാലാവസ്ഥ കാരണം അമ്മയിൽ നിന്നോ കൂട്ടത്തിൽ നിന്നോ ഒറ്റപ്പെട്ടുപോയതാകാം മരണകാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ പക്ഷിപ്പനിയാണോ എന്ന് ഉറപ്പിക്കാനാകൂ. തിമിംഗലങ്ങൾ ഉൾപ്പെടെ നിരവധി കടൽജീവികളുടെയും അപൂർവ്വ പക്ഷികളുടെയും കേന്ദ്രമാണ് വിക്ടർ ഹാർബർ പ്രദേശം. സാധാരണയായി ഇവിടെ തിമിംഗലങ്ങൾ ചത്തുപൊങ്ങുന്നത് അപൂർവ്വ സംഭവമായതിനാൽ തന്നെ വാർത്ത പ്രദേശവാസികളിലും പരിസ്ഥിതി പ്രവർത്തകരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ.

SCROLL FOR NEXT