ജയിൽ Ye Jinghan/ Unsplash
South Australia

ശിക്ഷാ ഇളവിനായി 'നല്ല നടത്തം' പറയേണ്ട; കുറ്റവാളികളുടെ സ്വഭാവ സർട്ടിഫിക്കറ്റുകൾ നിരോധിക്കാൻ SA

നിലവിലെ നിയമപ്രകാരം കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് സൽസ്വഭാവ സാക്ഷ്യപത്രം വാങ്ങി കോടതിയിൽ സമർപ്പിച്ച് കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് തേടാൻ സാധിക്കുമായിരുന്നു.

Elizabath Joseph

അഡ്‌ലെയ്ഡ്: കോടതികളിൽ വിധി പ്രസ്താവിക്കുന്ന വേളയിൽ ശിക്ഷാ ഇളവ് ലഭിക്കുന്നതിനായി കുറ്റവാളികൾ തങ്ങളുടെ "നല്ല സ്വഭാവം" തെളിയിക്കുന്ന രേഖകളും സാക്ഷ്യപത്രങ്ങളും ഹാജരാക്കുന്നത് പൂർണ്ണമായി നിരോധിക്കാൻ സൗത്ത് ഓസ്‌ട്രേലിയൻ സർക്കാർ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. ശിക്ഷിക്കപ്പെടുന്ന എല്ലാത്തരം കുറ്റവാളികൾക്കും ഈ വിലക്ക് ബാധകമാക്കുന്ന നിയമപരിഷ്കരണ ബിൽ അടുത്ത വർഷം ആദ്യ പകുതിയോടെ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് അറ്റോർണി ജനറൽ കയാം മഹർ വ്യക്തമാക്കി.

നിലവിലെ നിയമപ്രകാരം കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് സൽസ്വഭാവ സാക്ഷ്യപത്രം വാങ്ങി കോടതിയിൽ സമർപ്പിച്ച് കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് തേടാൻ സാധിക്കുമായിരുന്നു. എന്നാൽ, തങ്ങളെ ക്രൂരമായി പീഡിപ്പിച്ച വ്യക്തി 'ദയാലുവും നല്ലവനുമാണ്' എന്ന് കോടതിമുറിയിൽ മറ്റുള്ളവർ പ്രശംസിക്കുന്നത് ഇരകൾക്ക് കടുത്ത മാനസികാഘാതമാണ് ഉണ്ടാക്കുന്നതെന്ന് 'യുവർ റെഫറൻസ് ഈസ് നോട്ട് റെലവന്റ്' പ്രചാരണത്തിന് നേതൃത്വം നൽകുന്ന അതിജീവിതർ ചൂണ്ടിക്കാട്ടി. ഏതാനും ആളുകളെ കബളിപ്പിച്ച് നേടിയെടുത്ത സൽപ്പേര് ശിക്ഷ കുറയ്ക്കാനുള്ള മറയാക്കാൻ അനുവദിക്കില്ലെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. ഗാർഹിക-ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള റോയൽ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നിയമപരിഷ്കാരം. ന്യൂ സൗത്ത് വെയിൽസ്, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നീ സംസ്ഥാനങ്ങളുടെ മാതൃകയിലാണ് സൗത്ത് ഓസ്‌ട്രേലിയയും പുതിയ നിയമം കൊണ്ടുവരുന്നത്. അതേസമയം, പ്രതികളുടെ പുനരധിവാസ സാധ്യതകൾ, മുൻ ക്രിമിനൽ പശ്ചാത്തലം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കാൻ കോടതികൾക്ക് തുടർന്നും അനുമതിയുണ്ടാകും.

SCROLL FOR NEXT