ദക്ഷിണ ഓസ്ട്രേലിയയിലെ ചെമ്പ് ഉൽപ്പാദനം 2040ഓടെ ഇരട്ടിയാക്കി പ്രതിവർഷം 6.5 ലക്ഷം ടണ്ണിലെത്തിക്കാൻ വൻ വികസന പദ്ധതിയുമായി ആഗോള ഖനന കമ്പനിയായ BHP. പദ്ധതിക്കായി 13.6 ബില്യൺ മുതൽ 17.4 ബില്യൺ യുഎസ് ഡോളർ വരെ നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വൈദ്യുതി ശൃംഖലകൾ, പുനരുപയോഗ ഊർജം, ഇലക്ട്രിക് വാഹനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ ചെമ്പിന്റെ ആവശ്യം വർധിക്കുന്ന സാഹചര്യത്തിലാണ് നീക്കം.
BHPയുടെ Copper South Australia (Copper SA) വിഭാഗത്തിന് കീഴിലുള്ള വിവിധ ഖനന-സംസ്കരണ പദ്ധതികളെ ഏകോപിപ്പിച്ചാണ് വികസനം നടപ്പാക്കുക. 2035ഓടെ പ്രതിവർഷം ഏകദേശം അഞ്ച് ലക്ഷം ടൺ ചെമ്പ് ഉൽപ്പാദിപ്പിക്കുകയാണ് ആദ്യ ലക്ഷ്യം. തുടർന്ന് 2040ഓടെ ഉൽപ്പാദനം 6.5 ലക്ഷം ടണ്ണായി ഉയർത്തും. പദ്ധതിയുടെ അന്തിമ നിക്ഷേപ തീരുമാനങ്ങൾ ഘട്ടംഘട്ടമായി കൈക്കൊള്ളാനാണ് കമ്പനിയുടെ തീരുമാനം. പ്രധാന പദ്ധതികളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ 2027ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാല് പ്രധാന ഖനന കേന്ദ്രങ്ങൾ വികസിപ്പിക്കും
Copper SA പദ്ധതിയുടെ ഭാഗമായി നാല് പ്രധാന കേന്ദ്രങ്ങളാണ് വികസിപ്പിക്കുന്നത്.
Olympic Dam: ചെമ്പ്, സ്വർണം, യുറേനിയം എന്നിവ ഉൽപ്പാദിപ്പിക്കുന്ന BHPയുടെ പ്രധാന ഖനന കേന്ദ്രം.
Carrapateena: ഭൂഗർഭ ചെമ്പ്, സ്വർണ ഖനി.
Prominent Hill: ചെമ്പ്, സ്വർണം എന്നിവ ഉൽപ്പാദിപ്പിക്കുന്ന മറ്റൊരു പ്രധാന ഖനി.
Ankata: 2018ൽ BHP കണ്ടെത്തിയ Oak Dam എന്നറിയപ്പെട്ടിരുന്ന ചെമ്പ് നിക്ഷേപം.
ആദ്യഘട്ടത്തിൽ Prominent Hill, Carrapateena ഖനികളുടെ വികസനം, Olympic Dam ഖനന-സംസ്കരണ ശേഷി വർധിപ്പിക്കൽ, ഉരുക്കൽ-ശുദ്ധീകരണ സംവിധാനങ്ങളുടെ നവീകരണം എന്നിവ നടപ്പാക്കും. രണ്ടാംഘട്ടത്തിൽ Ankata ഉൾപ്പെടെയുള്ള പുതിയ ഖനന സാധ്യതകൾ വികസിപ്പിക്കും. ചെമ്പിന് പുറമെ സ്വർണം, യുറേനിയം, വെള്ളി തുടങ്ങിയവയുടെ ഉൽപ്പാദനവും ഉൾപ്പെടുത്തിയാൽ 2040ഓടെ ഈ മേഖലയിലെ മൊത്തം ഉൽപ്പാദനം പ്രതിവർഷം 10 ലക്ഷം ടൺ ചെമ്പിന് തുല്യമായ അളവിലെത്തുമെന്നാണ് BHPയുടെ കണക്കുകൂട്ടൽ.
പുതിയ ഖനന സാങ്കേതികവിദ്യയും സംസ്കരണ സംവിധാനങ്ങളും
ഖനനച്ചെലവ് കുറയ്ക്കുന്നതിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുമായി ബ്ലോക്ക് കേവിങ് (Block Caving) സാങ്കേതികവിദ്യ അവതരിപ്പിക്കാനാണ് BHPയുടെ പദ്ധതി. Carrapateena, Olympic Dam ഖനികളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ രീതി ഭൂമിക്കടിയിലെ വലിയ തോതിലുള്ള ധാതുനിക്ഷേപങ്ങൾ വേർതിരിച്ചെടുക്കാൻ സഹായിക്കും. Carrapateenaയിലെ ഉൽപ്പാദനശേഷി പ്രതിവർഷം 64 ലക്ഷം ടൺ അയിരിൽ നിന്ന് 1.2 കോടി ടണ്ണായി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നു. ഇവിടെ പുതിയ ഖനന സംവിധാനത്തിന്റെ ആദ്യ ഉൽപ്പാദനം 2030 സാമ്പത്തിക വർഷത്തോടെ ആരംഭിക്കാനാണ് പദ്ധതി. Olympic Damൽ രണ്ട് ഘട്ടങ്ങളിലായുള്ള ഉരുക്കൽ സംവിധാനവും അവതരിപ്പിക്കും. പുതിയ ഫ്ലാഷ് സ്മെൽറ്റിങ് ഫർണസ്, ഫ്ലാഷ് കൺവേർട്ടിങ് ഫർണസ്, ആസിഡ് സംസ്കരണ ശേഷി വർധിപ്പിക്കൽ, നിലവിലെ ശുദ്ധീകരണ സംവിധാനങ്ങളുടെ നവീകരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
ആഗോള ചെമ്പ് ആവശ്യകത 30 ശതമാനം വർധിക്കുമെന്ന് പ്രതീക്ഷ
വൈദ്യുതി വിതരണ ശൃംഖലകൾ, പുനരുപയോഗ ഊർജ പദ്ധതികൾ, ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററി സംവിധാനങ്ങൾ, ഡാറ്റാ സെന്ററുകൾ എന്നിവയുടെ വികസനത്തോടെ ആഗോളതലത്തിൽ ചെമ്പിന്റെ ആവശ്യകത ഉയരുകയാണ്. 2040ഓടെ ലോകത്തെ ചെമ്പ് ആവശ്യകത 30 ശതമാനം വർധിച്ച് പ്രതിവർഷം 4.5 കോടി ടണ്ണിലധികമാകുമെന്നാണ് BHPയുടെ പ്രവചനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡാറ്റാ സെന്ററുകൾക്കും വലിയ തോതിൽ വൈദ്യുതിയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായതിനാൽ ചെമ്പിന്റെ പ്രാധാന്യം ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ.
ജലലഭ്യതയും വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളും വെല്ലുവിളി
വികസന പദ്ധതിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്ന് ജലലഭ്യതയാണ്. വരണ്ട പ്രദേശത്തുള്ള ഖനന കേന്ദ്രങ്ങൾക്ക് ആവശ്യമായ വെള്ളത്തിന്റെ ഒരു ഭാഗം നിലവിൽ Great Artesian Basinൽ നിന്നാണ് ലഭിക്കുന്നത്. ഭൂഗർഭജല ഉപയോഗം സംബന്ധിച്ച് പരമ്പരാഗത ഭൂവുടമകളായ Arabana സമൂഹം ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഇതിന് ബദലായി ദക്ഷിണ ഓസ്ട്രേലിയയിലെ Spencer Gulf തീരത്തുള്ള Cape Hardyയിൽ പ്രതിദിനം 260 മെഗാലിറ്റർ ശേഷിയുള്ള കടൽജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതും BHP പരിഗണിക്കുന്നുണ്ട്. ഇവിടെ നിന്ന് ഖനന കേന്ദ്രങ്ങളിലേക്ക് നൂറുകണക്കിന് കിലോമീറ്റർ നീളമുള്ള പൈപ്പ്ലൈൻ വഴി വെള്ളമെത്തിക്കേണ്ടിവരും. ഉൽപ്പാദനവും സംസ്കരണവും വർധിപ്പിക്കുന്നതിനായി വൈദ്യുതി വിതരണ സംവിധാനങ്ങളും നവീകരിക്കേണ്ടതുണ്ട്.
ദക്ഷിണ ഓസ്ട്രേലിയയിലെ ചെമ്പ് ഉൽപ്പാദനം വികസിപ്പിക്കുന്നതിലൂടെ ആഗോള ഖനന വിപണിയിൽ കൂടുതൽ ശക്തമായ സ്ഥാനം ഉറപ്പിക്കാനാണ് BHP ലക്ഷ്യമിടുന്നത്. കമ്പനിയുടെ ദീർഘകാല വളർച്ചാ പദ്ധതിയിൽ ചെമ്പിന് വർധിച്ചുവരുന്ന പ്രാധാന്യവും ഈ പ്രഖ്യാപനം വ്യക്തമാക്കുന്നു.