.ABC News: Daniel Taylor
South Australia

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സൗത്ത് ഓസ്‌ട്രേലിയയിൽ നഴ്‌സുമാരുടെ 24 മണിക്കൂർ പണിമുടക്ക്

മൂന്ന് വർഷം കൊണ്ട് 20 ശതമാനം ശമ്പള വർദ്ധനവാണ് നഴ്‌സുമാരുടെ സംഘടനയായ ഓസ്‌ട്രേലിയൻ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി ഫെഡറേഷൻ (ANMF) ആവശ്യപ്പെടുന്നത്.

Elizabath Joseph

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ എലിസബത്ത് വെയിലിലുള്ള 'ലെയൽ മക്ഇവിൻ ഹോസ്പിറ്റലിലെ' നഴ്‌സുമാരും മിഡ്‌വൈഫുമാരും സംസ്ഥാന സർക്കാരുമായുള്ള ശമ്പള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് 24 മണിക്കൂർ പണിമുടക്ക് (Walkout) ആരംഭിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ നഴ്‌സുമാരേക്കാൾ തങ്ങൾക്ക് 20 മുതൽ 25 ശതമാനം വരെ ശമ്പളം കുറവാണെന്നും, ജീവനക്കാരെ നിലനിർത്താൻ ശമ്പള ഘടന പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. മൂന്ന് വർഷം കൊണ്ട് 20 ശതമാനം ശമ്പള വർദ്ധനവാണ് നഴ്‌സുമാരുടെ സംഘടനയായ ഓസ്‌ട്രേലിയൻ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി ഫെഡറേഷൻ (ANMF) ആവശ്യപ്പെടുന്നത്.

സർക്കാർ തങ്ങളെ അവഗണിക്കുകയാണെന്നും തങ്ങളുടെ അവകാശങ്ങൾക്കായി ഒരു ദിവസത്തെ ശമ്പളം ത്യാഗം ചെയ്താണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും എട്ട് വർഷമായി ഇവിടെ ജോലി ചെയ്യുന്ന റജിസ്റ്റേർഡ് നഴ്‌സ് ടാഷ് ബില്ലിങ് പറഞ്ഞു. ശമ്പളക്കുറവ് മൂലം സംസ്ഥാനത്തെ പല നഴ്‌സുമാരും മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറാൻ ആലോചിക്കുകയാണെന്നും അല്ലാത്തവർ തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയാണെന്നും എ.എൻ.എം.എഫ് പ്രതിനിധി എലിസബത്ത് ഡാബർസ് വ്യക്തമാക്കി. ഇൻപേഷ്യന്റ് സർജറി വിഭാഗങ്ങളെ സമരം ബാധിക്കുമെങ്കിലും എമർജൻസി വിഭാഗം (ED), തീവ്രപരിചരണ വിഭാഗം (ICU), പ്രസവവിഭാഗം, കാർഡിയോളജി എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരമുണ്ടെങ്കിലും രോഗികളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ശസ്ത്രക്രിയകളൊന്നും മാറ്റിവെച്ചിട്ടില്ലെന്നും നോർത്തേൺ അഡ്‌ലെയ്ഡ് ലോക്കൽ ഹെൽത്ത് നെറ്റ്‌വർക്ക് സി.ഇ.ഒ കാരെൻ പുവോഗൽ അറിയിച്ചു.

തൊഴിലാളികളുടെ സമര സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും നഴ്‌സുമാരുടെ സേവനങ്ങളോട് പൂർണ്ണ ബഹുമാനമുണ്ടെന്നും സൗത്ത് ഓസ്‌ട്രേലിയൻ ട്രഷറർ ടോം കൂട്ട്സാന്റോണിസ് പ്രതികരിച്ചു. തന്റെ മകൾ പ്രസവസമയത്ത് നേരിട്ട ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ജീവൻ രക്ഷിച്ചത് ഇവിടുത്തെ മിഡ്‌വൈഫുമാരാണെന്ന് അദ്ദേഹം ഓർമ്മിച്ചു. നഴ്‌സുമാർക്ക് മികച്ച ശമ്പള വർദ്ധനവ് നൽകാൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ സംസ്ഥാനത്തിന്റെ ട്രഷറർ എന്ന നിലയിൽ സാമ്പത്തിക കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT