ഓസ്‌ട്രേലിയയിൽ ഏറ്റവും ദൂരമേറിയ യാത്രാദൂരം അഡ്‌ലെയ്‌ഡിൽ 
South Australia

ഓസ്‌ട്രേലിയയിൽ ഏറ്റവും ദൂരമേറിയ യാത്രാദൂരം അഡ്‌ലെയ്‌ഡിൽ; ഗതാഗതക്കുരുക്കിൽ സിഡ്‌നി മുന്നിൽ

ലോകമെമ്പാടുമുള്ള 150 നഗരങ്ങളിലെ ട്രാഫിക് പരിശോധിച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

Elizabath Joseph

അഡ്‌ലെയ്‌ഡ്: യാത്രകൾക്ക് ഏറെ എളുപ്പമുള്ള നഗരമെന്ന് പേരെടുത്ത അഡ്‌ലെയ്‌ഡിൽ ജോലിസ്ഥലത്തേക്കുള്ള ശരാശരി യാത്രാദൂരം ഓസ്‌ട്രേലിയയിലെ മറ്റ് നഗരങ്ങളേക്കാൾ കൂടുതലാണെന്ന് പുതിയ പഠനം. കാർ ഇൻഷുറൻസ് വിദഗ്ധരായ മണി സൂപ്പർമാർക്കറ്റ് (MoneySuperMarket) നടത്തിയ വിശകലനത്തിലാണ് ഈ കണ്ടെത്തൽ. അഡ്‌ലെയ്‌ഡിലെ താമസക്കാർ ഒരു വശത്തേക്ക് ശരാശരി 34 കിലോമീറ്റർ വീതം ഒരു ദിവസം ആകെ 68 കിലോമീറ്ററാണ് യാത്ര ചെയ്യുന്നത്.

യാത്രാദൂരത്തിൽ രണ്ടാമതുള്ള സിഡ്‌നിയിൽ ഒരു വശത്തേക്ക് ശരാശരി 32 കിലോമീറ്ററാണ് ദൂരം. എന്നാൽ ഗതാഗതക്കുരുക്കിൽ ചിലവഴിക്കുന്ന സമയത്തിന്റെ കാര്യത്തിൽ സിഡ്‌നിയാണ് ഒന്നാമത്. സിഡ്‌നി നിവാസികൾ പ്രതിദിനം ശരാശരി 82 മിനിറ്റ് ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുമ്പോൾ അഡ്‌ലെയ്‌ഡിൽ ഇത് 74 മിനിറ്റാണ്. കാൻബറ (31 കി.മീ), പെർത്ത് (30 കി.മീ), മെൽബൺ (27 കി.മീ) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ ശരാശരി യാത്രാദൂരം.

ലോകമെമ്പാടുമുള്ള 150 നഗരങ്ങളിലെ ട്രാഫിക് പരിശോധിച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. കാർപൂളിംഗ് (Carpooling) അഥവാ യാത്രക്കാർ വാഹനം പങ്കിട്ടാൽ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, ടോക്കിയോ തുടങ്ങിയ നഗരങ്ങൾക്കാണ് കാർപൂളിംഗിലൂടെ ഏറ്റവും കൂടുതൽ സമയം ലാഭിക്കാൻ കഴിയുക. റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയുന്നത് അപകടങ്ങൾ കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനും സഹായിക്കുമെന്ന് ഇൻഷുറൻസ് വിദഗ്ധ അലീഷ്യ ഹെംപ്സ്റ്റെഡ് പറഞ്ഞു.

SCROLL FOR NEXT