അഡ്‌ലെയ്ഡ്: ഒക്ടോബർ ലോങ് വീക്കെൻഡിന് തൊട്ടുപിന്നാലെ സൗത്ത് ഓസ്‌ട്രേലിയയിലെ പൊതുജനാരോഗ്യ മേഖലയിൽ ആംബുലൻസ് റാംപിംഗ് (Ambulance Ramping - രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കാനാവാതെ ആംബുലൻസുകളിൽ തന്നെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം) പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. വടക്കൻ അഡ്‌ലെയ്ഡിലെ ലയൽ മക്ഇവിൻ ഹോസ്പിറ്റലിന് (Lyell McEwin Hospital) മുന്നിൽ ബുധനാഴ്ച രാവിലെ ഒരേസമയം 16 ആംബുലൻസുകളാണ് രോഗികളെ കിടത്താൻ ബെഡ്ഡുകളില്ലാതെ വരിയായി കിടന്നത്. ന്യൂമോണിയ ബാധിച്ച സംസാരശേഷിയില്ലാത്ത ഒരു രോഗിക്ക് അത്യാഹിത വിഭാഗത്തിന് പുറത്ത് ഒൻപത് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്ന ദാരുണ സംഭവത്തിന് പിന്നാലെയാണിത്.
അഡ്‌ലെയ്ഡ് മെട്രോപൊളിറ്റൻ മേഖലയിലെ മുഴുവൻ പ്രധാന ആശുപത്രികളും ശേഷിയുടെ 125 ശതമാനത്തിലധികം രോഗികൾ നിറഞ്ഞ അവസ്ഥയെ സൂചിപ്പിക്കുന്ന അതീവ ഗുരുതരമായ 'കോഡ് വൈറ്റ്' (Code White) അവസ്ഥയിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒരൊറ്റ എമർജൻസി കിടക്ക പോലും നഗരത്തിൽ ലഭ്യമായിരുന്നില്ല. നെഞ്ചുവേദന, പക്ഷാഘാതം തുടങ്ങിയ അത്യാഹിത വിഭാഗത്തിൽപ്പെടുന്ന രോഗികൾക്ക് 16 മിനിറ്റുകൾക്കുള്ളിൽ ആംബുലൻസ് സഹായം എത്തിക്കണമെന്നിരിക്കെ, റാംപിംഗ് മൂലം കടുത്ത കാലതാമസമാണ് നേരിട്ടതെന്ന് ആംബുലൻസ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പോൾ എക്കൽബൂം വ്യക്തമാക്കി. പുലർച്ചെ ആറ് മണിക്ക് പോലും 82 അടിയന്തര കേസുകളാണ് സർവീസ് കാത്ത് കെട്ടിക്കിടന്നത്.
ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തയ്യാറായ 600-ഓളം വയോജന രോഗികൾക്ക് ഏജ്ഡ് കെയർ സൗകര്യങ്ങൾ ലഭ്യമല്ലാത്തതാണ് കിടക്കകളുടെ ക്ഷാമത്തിനും റാംപിംഗിനും പ്രധാന കാരണമെന്ന് പ്രീമിയർ പീറ്റർ മാലിനൗസ്കാസ് വ്യക്തമാക്കി. ഫെഡറൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഏജ്ഡ് കെയർ ഫണ്ടിംഗ് പ്രതിസന്ധിയാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗത്ത് ഓസ്‌ട്രേലിയയിൽ ഓഗസ്റ്റിൽ 5,891 മണിക്കൂറും സെപ്റ്റംബറിൽ 5,507 മണിക്കൂറുമാണ് ആംബുലൻസുകൾ ആശുപത്രികൾക്ക് മുന്നിൽ കാത്തുകിടന്നത്.