അഡ്‌ലെയ്ഡ്: റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ അഡ്‌ലെയ്ഡ് സിറ്റി കൗൺസിൽ നിയോഗിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറ കാറിന്റെ ഗുരുതര പിഴവ് ഡ്രൈവറുടെ ഡാഷ്‌ക്യാം ദൃശ്യങ്ങളിലൂടെ പുറത്ത്. സൈക്കിൾ ട്രാക്കിൽ വാഹനം നിർത്തിയിട്ടു എന്നാരോപിച്ച് ഡ്രൈവർക്ക് ചുമത്തിയ $342 (ഏകദേശം 19,000 രൂപ) പിഴ, ദൃശ്യങ്ങൾ പരിശോധിച്ച് കൗൺസിലിന് പൂർണ്ണമായി പിൻവലിക്കേണ്ടി വന്നു.
നമ്പർ പ്ലേറ്റ് തിരിച്ചറിയൽ, ജിപിഎസ്, പരിസര മാപ്പിംഗ്, എഐ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് അനധികൃത പാർക്കിംഗ് കണ്ടെത്തുന്ന കൗൺസിലിന്റെ 'പാർക്ക് സേഫ്' (Park Safe) വാഹനമാണ് ഡ്രൈവർക്കെതിരെ കുറ്റം ചുമത്തിയത്. എന്നാൽ പാർക്കിംഗ് സ്പോട്ടിലേക്ക് റിവേഴ്സ് പാരലൽ പാർക്കിംഗ് ചെയ്യുന്നതിനായി ഇൻഡിക്കേറ്റർ ഇട്ട് മറ്റ് വാഹനങ്ങൾ കടന്നുപോകാൻ വെറും 5 സെക്കൻഡ് മാത്രമാണ് കാർ നിർത്തിയിട്ടതെന്ന് ഡ്രൈവറുടെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ തെളിയിച്ചു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സാങ്കേതികവിദ്യയുടെ അപാകത വലിയ ചർച്ചയായി. തുടർന്ന് മാധ്യമങ്ങൾ വിഷയത്തിൽ ഇടപെട്ടതോടെ കൗൺസിൽ നോട്ടീസ് പുനഃപരിശോധിച്ച് പിഴ ഒഴിവാക്കി.
2024–25 സാമ്പത്തിക വർഷത്തിൽ മാത്രം ഒരു വാഹനം വഴി 4.25 ദശലക്ഷം ഡോളറിലധികം തുകയുടെ 31,000 പിഴകളാണ് കൗൺസിൽ ഈടാക്കിയത്. തെറ്റായ പിഴകൾ വ്യാപകമായതോടെ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധന ഉറപ്പാക്കുമെന്ന് കൗൺസിൽ വ്യക്തമാക്കിയെങ്കിലും, നടപ്പ് വർഷത്തിലും പരാതികൾ തുടർക്കഥയാണ്. ബ്രിസ്‌ബെയ്ൻ, ഗോൾഡ് കോസ്റ്റ്, ജീലോംഗ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.