കൗമാരക്കാരുടെ സോഷ്യൽ മീഡിയ നിരോധനം Swello/ Unsplash
Australia

സോഷ്യൽ മീഡിയ നിരോധനം ലംഘിച്ചു; ഫേസ്ബുക്കും യൂട്യൂബും ഉൾപ്പെടെ 5 പ്ലാറ്റ്‌ഫോമുകൾക്കെതിരെ അന്വേഷണം

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക്ടോക്, യൂട്യൂബ് എന്നിവയാണ് ഓൺലൈൻ സുരക്ഷാ വാച്ച്ഡോഗിന്റെ നിരീക്ഷണത്തിലുള്ളത്.

Elizabath Joseph

കാൻബറ: 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ ആഗോളതലത്തിലെ തന്നെ കർശനമായ നിയമം ലംഘിച്ചുവെന്നാരോപിച്ച് അഞ്ച് പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഓസ്‌ട്രേലിയൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക്ടോക്, യൂട്യൂബ് എന്നിവയാണ് ഓൺലൈൻ സുരക്ഷാ വാച്ച്ഡോഗിന്റെ നിരീക്ഷണത്തിലുള്ളത്. നിയമം നടപ്പിലാക്കി നാല് മാസത്തിന് ശേഷമാണ് കമ്പനികൾ വീഴ്ച വരുത്തിയതായി കണ്ടെത്തിയത്.

പ്രായപരിധി പരിശോധിക്കുന്ന സംവിധാനങ്ങളിൽ സോഷ്യൽ മീഡിയ കമ്പനികൾ വരുത്തിയ വീഴ്ചകളാണ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രായം തെളിയിക്കുന്നതിൽ പരാജയപ്പെടുന്ന കുട്ടികൾക്ക് വീണ്ടും വീണ്ടും ശ്രമിക്കാൻ അവസരം നൽകുന്നതായും, ഒരിക്കൽ പുറത്താക്കപ്പെട്ട കുട്ടികൾക്ക് പുതിയ അക്കൗണ്ടുകൾ തുടങ്ങുന്നത് തടയാൻ കമ്പനികൾ പരാജയപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, പ്രായപൂർത്തിയാകാത്ത ഉപഭോക്താക്കളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ മാതാപിതാക്കൾക്ക് വ്യക്തമായ സംവിധാനം ഒരുക്കാത്തതും അന്വേഷണ പരിധിയിൽ വരും.

നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 49.5 മില്യൺ ഡോളർ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. ഓസ്‌ട്രേലിയയിൽ ബിസിനസ്സ് ചെയ്യണമെങ്കിൽ ഇവിടുത്തെ നിയമങ്ങൾ പാലിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസ് മുന്നറിയിപ്പ് നൽകി. നിലവിൽ 10 പ്ലാറ്റ്‌ഫോമുകളെയാണ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിരോധനം ഏർപ്പെടുത്തിയ ആദ്യ രണ്ട് ദിവസത്തിനുള്ളിൽ 4.7 മില്യൺ അക്കൗണ്ടുകൾ നിർജ്ജീവമാക്കിയിരുന്നുവെങ്കിലും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കുട്ടികൾ ഇത് മറികടക്കുന്നുവെന്നാണ് കണ്ടെത്തൽ.

SCROLL FOR NEXT