വനിതാ ഏഷ്യൻ കപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ ഇറാൻ ദേശീയ ടീമിലെ ഏഴ് താരങ്ങൾ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോർട്ട്. നേരത്തെ അഞ്ച് താരങ്ങൾ അഭയം തേടിയ വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ ചൊവ്വാഴ്ച വൈകുന്നേരം സിഡ്‌നി വിമാനത്താവളത്തിൽ നിന്ന് ടീം മടങ്ങാനിരിക്കെ രണ്ട് പേർ കൂടി വിമാനത്തിൽ കയറാൻ വിസമ്മതിച്ചതോടെയാണ് എണ്ണം ഏഴായി ഉയർന്നത്. ഹോം അഫയേഴ്‌സ് മന്ത്രി ടോണി ബർക്കിന്റെ സാന്നിധ്യത്തിലായിരുന്നു ഈ നാടകീയ നീക്കങ്ങൾ.
മത്സരത്തിന് മുൻപ് ഇറാൻ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ടീം അംഗങ്ങളെ രാജ്യദ്രോഹികളായി ഇറാൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. തിരികെ നാട്ടിലെത്തിയാൽ വധശിക്ഷയോ തടവോ ലഭിക്കുമെന്ന ഭീതിയിലാണ് താരങ്ങൾ ഓസ്‌ട്രേലിയയുടെ സഹായം തേടിയത്. താരങ്ങൾക്ക് അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാനും സ്വതന്ത്രമായി തീരുമാനമെടുക്കാനും എല്ലാ സൗകര്യവും നൽകിയതായി ടോണി ബർക്ക് അറിയിച്ചു. അഭയം തേടിയവർക്ക് 12 മാസത്തെ താൽക്കാലിക ഹ്യൂമാനിറ്റേറിയൻ വിസ അനുവദിച്ചിട്ടുണ്ട്. ടീമിലെ ബാക്കി അംഗങ്ങൾ ക്വാലാലംപൂർ വഴി ഇറാനിലേക്ക് മടങ്ങി.