കാൻബറ: ഭവനരഹിതർക്കും കുറഞ്ഞ വരുമാനക്കാർക്കും താങ്ങാനാവുന്ന ചെലവിൽ വീടുകൾ നിർമ്മിച്ച് നൽകുമെന്ന ഓസ്‌ട്രേലിയൻ സർക്കാരിന്റെ സോഷ്യൽ ഹൗസിംഗ് പദ്ധതിയിൽ വൻ പരാജയമെന്ന് സെനറ്റ് സാമ്പത്തിക സമിതിയുടെ തെളിവെടുപ്പ്. കാൻബറയിൽ ചേർന്ന ആദ്യ പൊതു ഹിയറിംഗിലാണ് 'ഹൗസിംഗ് ഓസ്‌ട്രേലിയ ഫ്യൂച്ചർ ഫണ്ട്' (HAFF) വഴിയുള്ള പദ്ധതിയിൽ വലിയ കാലതാമസവും അപാകതകളും ഉണ്ടായതായി വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നത്.
2026 ആഗസ്റ്റ് അവസാനത്തെ കണക്കുകൾ പ്രകാരം, പ്രഖ്യാപിച്ച 40,000 സോഷ്യൽ-അഫോർഡബിൾ വീടുകളുടെ ലക്ഷ്യത്തിൽ വെറും 1,607 വീടുകൾ (വെറും 4%) മാത്രമാണ് ഹൗസിംഗ് ഓസ്‌ട്രേലിയ ഇതുവരെ ലഭ്യമാക്കിയിട്ടുള്ളത്. പദ്ധതിയുടെ സമയപരിധിയുടെ 40 ശതമാനത്തിലേറെ കഴിഞ്ഞിട്ടും പുരോഗതി ഇഴഞ്ഞുനീങ്ങുകയാണെന്ന് സമിതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ലഭ്യമാക്കിയ 1,607 വീടുകളിൽ 57 ശതമാനം മാത്രമാണ് പുതുതായി നിർമ്മിച്ചവ. ബാക്കിയുള്ളവ നിലവിലുണ്ടായിരുന്ന കെട്ടിടങ്ങൾ വാങ്ങിയവ മാത്രമായതിനാൽ രാജ്യത്തെ ആകെ ഭവനശേഖരത്തിൽ (Housing stock) വലിയ വർദ്ധനവ് ഉണ്ടായിട്ടില്ല.
കരാർ പ്രകാരം 2029 ജൂൺ 30-നകം നിർമ്മാതാക്കൾ വീടുകൾ പൂർത്തിയാക്കിയില്ലെങ്കിൽ എന്തുചെയ്യുമെന്ന കാര്യത്തിൽ ഹൗസിംഗ് ഓസ്‌ട്രേലിയയ്ക്ക് ബദൽ പദ്ധതികളൊന്നുമില്ലെന്നും ഹിയറിംഗിൽ വ്യക്തമായി. മാർക്കറ്റ് വാടകയുടെ 74.9 ശതമാനം നിരക്കിനെയാണ് ഹൗസിംഗ് ഓസ്‌ട്രേലിയ 'അഫോർഡബിൾ' എന്ന് നിർവചിക്കുന്നത്. എന്നാൽ ഇത് സാധാരണക്കാരായ കുടുംബങ്ങൾക്ക് താങ്ങാൻ കഴിയുന്നതിലും ഉയർന്നതാണെന്ന് ആരോപണമുണ്ട്. രാജ്യത്തെ പാർപ്പിട പ്രതിസന്ധി പരിഹരിക്കുന്നതിൽ ലേബർ സർക്കാർ പൂർണ്ണ പരാജയമാണെന്നും, ഇത്രയും വലിയൊരു പ്രതിസന്ധി നിലനിൽക്കുമ്പോഴും ഭവനനിർമ്മാണത്തിന് മാത്രമായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ലെന്നും ഗ്രീൻസ് പാർട്ടി വക്താവും സൗത്ത് ഓസ്‌ട്രേലിയൻ സെനറ്ററുമായ ബാർബറ പോക്കോക്ക് കുറ്റപ്പെടുത്തി.