ഐസിസ് ബന്ധമുള്ള ഓസ്‌ട്രേലിയൻ സംഘം ഇന്ന് സിഡ്‌നിയിലെത്തും;  (Image: Pulse /File)
Australia

ഐസിസ് ബന്ധമുള്ള 2-ാം ഓസ്‌ട്രേലിയൻ സംഘം ഇന്ന് സിഡ്‌നിയിലെത്തും; സുരക്ഷാ നിരീക്ഷണത്തിന് നിർദ്ദേശം

ആറ് സ്ത്രീകളും 14 കുട്ടികളും അടങ്ങുന്ന ഇരുപതംഗ സംഘമാണ് ചൊവ്വാഴ്ച വൈകുന്നേരം 5.30-ഓടെ ദോഹ വഴിയുള്ള കണക്റ്റിങ് ഫ്ലൈറ്റിൽ സിഡ്‌നിയിൽ എത്തുകയെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Elizabath Joseph

സിഡ്‌നി: സിറിയയിലെ അൽ-റോജ് (al-Roj) തടങ്കൽ പാളയത്തിൽ കഴിഞ്ഞിരുന്ന ഐസിസ് (ISIS) ബന്ധമുള്ള രണ്ടാമത്തെ സംഘം ഓസ്‌ട്രേലിയൻ സ്ത്രീകളും കുട്ടികളും ഇന്ന് വൈകുന്നേരത്തോടെ സിഡ്‌നി, മെൽബൺ നഗരങ്ങളിൽ വിമാനമിറങ്ങും. ആറ് സ്ത്രീകളും 14 കുട്ടികളും അടങ്ങുന്ന ഇരുപതംഗ സംഘമാണ് ചൊവ്വാഴ്ച വൈകുന്നേരം 5.30-ഓടെ ദോഹ വഴിയുള്ള കണക്റ്റിങ് ഫ്ലൈറ്റിൽ സിഡ്‌നിയിൽ എത്തുകയെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ക്യാമ്പിൽ നിന്നും ബസ് മാർഗ്ഗം ദമാസ്കസിൽ എത്തിയ ശേഷമാണ് ഇവർ ഓസ്‌ട്രേലിയയിലേക്കുള്ള വിമാന ടിക്കറ്റുകൾ സ്വന്തമാക്കിയത്.

തിരിച്ചെത്തുന്നവരിൽ ഭൂരിഭാഗവും (മൂന്നിൽ രണ്ട് ഭാഗവും) നിരപരാധികളായ കുട്ടികളാണെന്നും വർഷങ്ങളായി അവർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ഇതോടെ അറുതിയാകുമെന്നും കുട്ടികളുടെ അവകാശങ്ങൾക്കായി പോരാടുന്ന പ്രമുഖ സംഘടനയായ 'സേവ് ദി ചിൽഡ്രൻ' ഓസ്‌ട്രേലിയൻ ചീഫ് എക്സിക്യൂട്ടീവ് മാറ്റ് ടിങ്ക്ലർ പറഞ്ഞു. ഓസ്‌ട്രേലിയൻ പൗരന്മാരായ ഈ കുട്ടികളുടെ സുരക്ഷയ്ക്കും പുനരധിവാസത്തിനുമാണ് രാജ്യം മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഈ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് ദേശീയ സുരക്ഷ മുൻനിർത്തി ഹോം അഫയേഴ്സ് മന്ത്രി ടോണി ബർക്ക് (Tony Burke) രണ്ട് വർഷത്തെ താൽക്കാലിക വിലക്ക് (Temporary Exclusion Order - TEO) ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്റലിജൻസ് ഏജൻസിയായ 'ആസിയോ' (ASIO) നൽകിയ കർശന നിർദ്ദേശപ്രകാരമാണ് നടപടി.

ഈ മാസമാദ്യം നാല് സ്ത്രീകളും ഒൻപത് കുട്ടികളും അടങ്ങുന്ന ആദ്യ സംഘം സിറിയയിൽ നിന്നും ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിയിരുന്നു. അന്ന് വിമാനമിറങ്ങിയ ഉടൻ തന്നെ മൂന്ന് സ്ത്രീകളെ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ ഭീകരവാദ കുറ്റങ്ങളും മനുഷ്യത്വവിരുദ്ധ കുറ്റകൃത്യങ്ങളും ചുമത്തുകയും ചെയ്തിരുന്നു. തിരിച്ചെത്തുന്ന കുട്ടികൾക്കായി പ്രത്യേക കമ്മ്യൂണിറ്റി ഇന്റഗ്രേഷൻ പ്രോഗ്രാമുകളും തെറാപ്പികളും കൗണ്ടറിങ് വയലന്റ് എക്സ്ട്രീമിസം കൗൺസിലിംഗും ഒരുക്കിയിട്ടുണ്ടെന്ന് എ.എഫ്.പി കമ്മീഷണർ ക്രിസി ബാരറ്റ്വ്യക്തമാക്കി. ഈ സ്ത്രീകളോട് യാതൊരുവിധ അനുകമ്പയുമില്ലെന്നും ഇവരെ ഔദ്യോഗികമായി നാട്ടിലെത്തിക്കാൻ സർക്കാർ മുൻകൈ എടുത്തിട്ടില്ലെന്നും ആൽബനീസ് ഭരണകൂടം ആവർത്തിച്ചു. എന്നാൽ സിഡ്‌നിയിലെ പ്രമുഖ ഡോക്ടറായ ജമാൽ റിഫിയുടെ മധ്യസ്ഥതയിൽ ഇവർക്ക് നിയമപരമായി പാസ്പോർട്ടുകൾ ലഭ്യമായതിനാലാണ് ഓസ്‌ട്രേലിയൻ പൗരന്മാരായ ഇവർക്ക് തിരികെ വരാൻ സാധിച്ചത്.

SCROLL FOR NEXT