മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ ഓസ്ട്രേലിയയുടെ ടൂറിസം പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കും. മെഡിക്കൽ ബിരുദം പൂർത്തിയാക്കിയ സാറ തെൻഡുൽക്കർ, മോഡലിങ്ങിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും പ്രവർത്തിക്കുന്നുണ്ട്. ഓസ്ട്രേലിയയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കുന്നതിനു വേണ്ടിയുള്ള ടെലിവിഷൻ പരസ്യങ്ങളിലും സാറ അഭിനയിക്കും. വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കാൻ 130 മില്യൻ ഡോളറിന്റെ പദ്ധതികളാണ് ഓസ്ട്രേലിയൻ സർക്കാർ ആസൂത്രണം ചെയ്യുന്നത്.
ചൈന, ഇന്ത്യ, യുഎസ്,യുകെ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെ ഓസ്ട്രേലിയയിലെത്തിക്കുന്ന 'കം ആന്‍ഡ് സേ ഗുഡേ’ എന്ന ക്യാംപെയ്നിലാണ് സാറയും പ്രവർത്തിക്കുക. സ്റ്റീവ് ഇർവിന്റെ മകൻ റോബർട്ട് ഇർവിൻ, ചൈനീസ് നടൻ യോഷ് യു, ജാപ്പനീസ് കൊമേഡിയൻ അബാരു കുൻ, ഓസ്ട്രേലിയൻ നടൻ തോമസ് വെതരാൽ എന്നിവരും ടൂറിസം ക്യാംപെയ്നിന്റെ ഭാഗമാണ്.