ഓസ്‌ട്രേലിയയിൽ മഴയ്ക്ക് പിന്നാലെ യൂറോപ്യൻ കാട്ടുമുയലുകളുടെ എണ്ണം വീണ്ടും വൻതോതിൽ വർധിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ അധിനിവേശ കീടങ്ങളിൽ ഒന്നായ മുയലുകളുടെ പെരുപ്പം തദ്ദേശീയ സസ്യജന്തുജാലങ്ങൾക്ക് കടുത്ത ഭീഷണിയാകുന്നതായി പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകി. ദക്ഷിണ ഓസ്‌ട്രേലിയയിലെ ബോൺ ബോൺ റിസർവിൽ മുയലുകളെ കണ്ടെത്തുന്നതിനും അവയുടെ മാളങ്ങൾ രേഖപ്പെടുത്തുന്നതിനുമായി ജോജോ എന്ന അഞ്ച് വയസ്സുള്ള നായയെ ഉപയോഗിച്ചുവരികയാണ്. ദിവസവും 20 കിലോമീറ്റർ വരെ ഓടുന്ന ജോജോ മുയലുകളെ പിടികൂടുന്നതിനേക്കാൾ അവയെ മാളങ്ങളിലേക്ക് തിരിച്ചോടിക്കുകയും മാളങ്ങൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നു.
രാജ്യത്തിന്റെ തെക്കൻ, മധ്യ മേഖലകളിൽ ലഭിച്ച മികച്ച മഴയാണ് മുയലുകളുടെ എണ്ണം കുത്തനെ ഉയരാൻ കാരണമായത്. വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ തെക്കൻ മേഖലകൾ, കാൻബറ, അഡലെയ്ഡിന് സമീപമുള്ള പ്രദേശങ്ങൾ, ന്യൂ സൗത്ത് വെയിൽസിലെ റിവറീന, തെക്കൻ ക്വീൻസ്‌ലാൻഡ് എന്നിവിടങ്ങളിൽ മുയലുകളുടെ വർധന ശ്രദ്ധയിൽപ്പെട്ടതായി Centre for Invasive Species Solutions ഗവേഷണ ഡയറക്ടർ ഡോ. ജോൺ വിർച്യു പറഞ്ഞു.
1788ൽ ഓസ്‌ട്രേലിയയിലെത്തിയെങ്കിലും 1859ൽ കുടിയേറ്റക്കാരനായ തോമസ് ഓസ്റ്റിൻ കൊണ്ടുവന്ന 24 മുയലുകളിൽ നിന്നാണ് രാജ്യത്തുടനീളമുള്ള വലിയ വ്യാപനം ആരംഭിച്ചതെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. 1920കളോടെ മുയലുകളുടെ എണ്ണം കോടിക്കണക്കിന് എത്തിയിരുന്നു. നിലവിൽ ഏകദേശം 20 കോടി മുയലുകൾ രാജ്യത്തുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ കൃത്യമായ ഔദ്യോഗിക കണക്ക് ലഭ്യമല്ല.
മുയലുകൾ ഓസ്‌ട്രേലിയയിലെ 329 വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി പഠനം കണ്ടെത്തിയിട്ടുണ്ട്. തദ്ദേശീയ സസ്യങ്ങളുടെ ഇളം തളിരുകൾ ഭക്ഷണമാക്കുന്നതിനു പുറമെ, ഭക്ഷണത്തിനും ആവാസവ്യവസ്ഥയ്ക്കുമായി തദ്ദേശീയ ജീവികളുമായി മത്സരിക്കുകയും പൂച്ച, കുറുക്കൻ തുടങ്ങിയ അധിനിവേശ വേട്ടക്കാരുടെ എണ്ണവർധനയ്ക്കും കാരണമാവുകയും ചെയ്യുന്നു. മുയലുകളെ നിയന്ത്രിക്കാൻ 1950കളിൽ മൈക്സോമ വൈറസും 1990കളിൽ കാലിസിവൈറസും ഉപയോഗിച്ചിരുന്നു. 1995ൽ കാലിസിവൈറസ് അബദ്ധത്തിൽ പടർന്നതിനെ തുടർന്ന് വരണ്ട മേഖലകളിൽ മുയലുകളുടെ എണ്ണം 95 ശതമാനം വരെ കുറഞ്ഞിരുന്നു. എന്നാൽ വൈറസുകൾക്കെതിരെ മുയലുകളിൽ പ്രതിരോധശേഷി രൂപപ്പെട്ടതോടെ നിയന്ത്രണത്തിന്റെ ഫലം കുറഞ്ഞുവരികയാണ്.
മുയലുകളുടെ പുതിയ വൈറസ് വകഭേദങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ഓസ്‌ട്രേലിയൻ സർക്കാർ ജൂലൈയിൽ തുടക്കമിട്ടിരുന്നു. പുതിയ വൈറസ് വകഭേദങ്ങൾ 10 മുതൽ 15 വർഷം ഇടവിട്ട് വികസിപ്പിച്ച് പുറത്തിറക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു. മുയലുകളുടെ എണ്ണം നിയന്ത്രിക്കാൻ വേലി സ്ഥാപിക്കൽ, വിഷപ്രയോഗം, മാളങ്ങൾ പുകവെച്ച് നശിപ്പിക്കൽ, മാളങ്ങൾ പൊളിക്കൽ, ലൈസൻസുള്ള വെടിവയ്പ് എന്നിവയാണ് നിലവിൽ പ്രധാനമായും ഉപയോഗിക്കുന്നത്. നഗരപ്രാന്ത പ്രദേശങ്ങളിലെ മുയലുകളുടെ വർധനയും ആശങ്കയാകുകയാണ്. വീടുകളുടെ അടിയിലും തോട്ടങ്ങളിലും ഒളിച്ചിരിക്കുന്ന മുയലുകൾ മഴ ലഭിക്കുന്നതോടെ സമീപത്തെ കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുകയാണ്. അഡലെയ്ഡിന് സമീപമുള്ള മൗണ്ട് ബാർക്കറിൽ പ്രൊഫഷണൽ ഷൂട്ടർമാർ ഒരു രാത്രിയിൽ നൂറിലധികം മുയലുകളെ പിടികൂടുന്ന സാഹചര്യമുണ്ട്. പുതിയ വൈറസുകളും ജനിതക സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഭാവിയിൽ ഓസ്‌ട്രേലിയയെ മുയലുകളിൽ നിന്ന് മുക്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധർ. മുയലുകളില്ലാത്ത ഓസ്‌ട്രേലിയൻ പ്രകൃതിദൃശ്യം കണ്ടിട്ടുള്ളവർ ഇന്ന് ജീവിച്ചിരിപ്പില്ലെന്നതാണ് ഈ അധിനിവേശത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.