ക്വീൻസ്‌ലാന്റിലെ ഡിജിറ്റൽ ലൈസൻസ് പുതുക്കൽ സംവിധാനത്തിൽ പിഴവ് കണ്ടെത്തി. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ ലൈസൻസ് പുതുക്കാൻ അനുവദിച്ചിട്ടുള്ള 17,000 ഡ്രൈവർമാരെ സർക്കാർ അടിയന്തിരമായി ബന്ധപ്പെടുകയാണ്. ഗതാഗത വകുപ്പ് സേവന കേന്ദ്രത്തിൽ നേരിട്ട് ലൈസൻസ് പുതുക്കുന്നതിന് പകരം ഓൺലൈനായി ലൈസൻസ് പുതുക്കാനുള്ള ഓപ്ഷൻ ക്വീൻസ്‌ലാന്റിലെ ഡ്രൈവർമാർക്ക് നൽകിയിരുന്ന കാലത്താണ് പിഴവ് സംഭവിച്ചിട്ടുള്ളത്. നേരിട്ട് ലൈസൻസ് പുതുക്കുമ്പോൾ, ആരോഗ്യപ്രശ്നങ്ങളുള്ള ഡ്രൈവർമാർ അവരുടെ ലൈസൻസ് പുതുക്കുന്നതിന് മുമ്പ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം. എന്നാൽ ഓൺലൈനിലൂടെ പുതുക്കുമ്പോൾ, ഇത്തരത്തിൽ പ്രശ്നമുള്ള 17,000 വാഹനമോടിക്കുന്നതിന് ആവശ്യമായ ക്ലിയറൻസ് അപ്‌ലോഡ് ചെയ്യാതെ തന്നെ ഡ്രൈവർമാർക്ക് ലൈസൻസ് പുതുക്കാനായിയെന്നാണ് ഈ പിഴവ് സൂചിപ്പിക്കുന്നത്. അതേസമയം ഡിജിറ്റൽ സിസ്റ്റത്തിലെ സാങ്കേതിക തകരാർ കാരണം ഓൺലൈൻ പുതുക്കലുകൾ നടക്കുന്നില്ലെന്നും പരാതിയുണ്ട്.
മെഡിക്കൽ സർട്ടിഫിക്കറ്റുകൾക്കായി ഡ്രൈവർമാരുമായി ബന്ധപ്പെടാൻ സംസ്ഥാന സർക്കാർ ശ്രമിക്കുമെന്ന് ഉപഭോക്തൃ സേവന, ഓപ്പൺ ഡാറ്റ മന്ത്രി സ്റ്റീവ് മിന്നിക്കിൻ പറഞ്ഞു. സിസ്റ്റത്തിലെ ഈ പിഴവ് കണ്ടെത്തിയതിനാൽ, കഴിയുന്നത്ര വേഗ അത് പരിഹരിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാന കാര്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ഡ്രൈവ് ചെയ്യാൻ യോഗ്യരാണെന്ന് തെളിയിക്കാൻ 17,000 ഡ്രൈവർമാർക്ക് ഒരു മാസം സമയം ലഭിക്കുമെന്നാണ് സൂചന.