Marley Dodd and Elise Apps  (Supplied: AOC)
Queensland

യൂത്ത് ഒളിമ്പിക്സിൽ ഓസ്ട്രേലിയക്ക് ആറ് മെഡലുകൾ

ബോക്സിങ്ങിൽ മാർലി ഡോഡും തായ്‌ക്വോണ്ടോയിൽ മക്കെൻസി മക്ഡൊണാൾഡും വെള്ളി നേടി. 49 കിഗ്രാം വിഭാഗത്തിൽ മെഡൽ നേടിയതോടെ യൂത്ത് ഒളിമ്പിക്സിൽ തായ്‌ക്വോണ്ടോയിൽ ഓസീസിന്റെ ആദ്യ മെഡൽ മക്ഡൊണാൾഡ് സ്വന്തമാക്കി.

Safvana Jouhar

2026 യൂത്ത് ഒളിമ്പിക് ഗെയിംസിൽ നാല് വെള്ളിയും രണ്ട് വെങ്കലവുമടക്കം ആറ് മെഡലുകളാണ് ഓസ്ട്രേലിയ നേടിയത്. അതേസമയം, ആഫ്രിക്കയിൽ ആദ്യമായി ഒളിമ്പിക് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച സെനഗലിന്റെ സംഘാടന മികവിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) പ്രശംസിച്ചു. സെനഗലിലെ ഡാക്കറിൽ നടന്ന ഗെയിംസിൽ 14 മുതൽ 17 വയസ്സുവരെയുള്ള 2,700-ഓളം താരങ്ങളാണ് പങ്കെടുത്തത്. രണ്ടാഴ്ച നീണ്ട മത്സരങ്ങളിൽ 25 കായിക ഇനങ്ങളിലായി 153 മെഡൽ പോരാട്ടങ്ങൾ നടന്നു. ലോകത്തിന് മുന്നിൽ ആഫ്രിക്കയുടെ വലിയ കായികമേളകൾ സംഘടിപ്പിക്കാനുള്ള ശേഷി തെളിയിക്കാൻ ഡാക്കർ ഗെയിംസിലൂടെ കഴിഞ്ഞതായി IOC പ്രസിഡന്റ് കിർസ്റ്റി കോവൻട്രി പറഞ്ഞു. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ IOC-യുമായി ചർച്ചകൾ നടത്തുന്നുണ്ട്.

ഓസ്ട്രേലിയയുടെ മെഡൽ നേട്ടത്തിൽ ബോക്സിങ്ങിൽ മാർലി ഡോഡും തായ്‌ക്വോണ്ടോയിൽ മക്കെൻസി മക്ഡൊണാൾഡും വെള്ളി നേടി. 49 കിലോഗ്രാം വിഭാഗത്തിൽ മെഡൽ നേടിയതോടെ യൂത്ത് ഒളിമ്പിക്സിൽ തായ്‌ക്വോണ്ടോയിൽ ഓസ്ട്രേലിയയുടെ ആദ്യ മെഡൽ നേട്ടവും മക്ഡൊണാൾഡ് സ്വന്തമാക്കി. സൈക്ലിങ്ങിൽ ഓസ്ട്രേലിയ മികച്ച പ്രകടനം കാഴ്ചവെച്ചു. വനിതകളുടെ റോഡ് റേസിൽ എൽസി ആപ്സ് വെള്ളിയും പുരുഷന്മാരുടെ മത്സരത്തിൽ കാലെബ് മക്കെൻസി വെങ്കലവും നേടി. ഈ വർഷം ആദ്യം ഓട്ടോഇമ്യൂൺ രോഗമായ ഹാഷിമോട്ടോസ് രോഗം സ്ഥിരീകരിച്ച ടാസ്മാനിയക്കാരനായ മക്കെൻസി, പുരുഷന്മാരുടെ റോഡ് റേസിൽ അവസാന ലാപ്പ് വരെ മുന്നിലായിരുന്നു. പിന്നീട് വെങ്കലത്തിനായി നടത്തിയ സ്പ്രിന്റിലാണ് മെഡൽ ഉറപ്പിച്ചത്.

ക്വീൻസ്‌ലൻഡിൽ നിന്നുള്ള തോമസ് ടർണർ, റയാൻ എഡ്ഗർ സഖ്യം ബീച്ച് വോളിബോളിൽ വെങ്കലം നേടി. വനിതാ റഗ്ബി സെവൻസ് ടീമിന് കെനിയക്കെതിരായ അധികസമയ മത്സരത്തിൽ സ്വർണം നഷ്ടമായി. ഇതോടെ ഒളിമ്പിക് റഗ്ബി സെവൻസിൽ കെനിയ ആദ്യ സ്വർണം സ്വന്തമാക്കി. സമാപനച്ചടങ്ങിൽ ഓസ്ട്രേലിയയുടെ പതാകവാഹകരായി എൽസി ആപ്സിനെയും മാർലി ഡോഡിനെയും തെരഞ്ഞെടുത്തു. 2032-ൽ ബ്രിസ്ബേനിൽ നടക്കുന്ന ഒളിമ്പിക്സിലേക്കുള്ള തയ്യാറെടുപ്പിന് ഡാക്കർ ഗെയിംസ് യുവതാരങ്ങൾക്ക് വലിയ പ്രചോദനമായെന്ന് ഓസ്ട്രേലിയൻ സംഘത്തലവൻ കെന്നി വാലസ് പറഞ്ഞു.

ആഫ്രിക്കയുടെ ആദ്യ ഒളിമ്പിക് വേദി

സെനഗലിൽ ദേശീയ കായിക ഇനമായ ഗുസ്തിയുടെ ഒളിമ്പിക് അരങ്ങേറ്റം വലിയ ആവേശമായി. 16-കാരിയായ എലിസബത്ത് ഡിയാറ്റ നേടിയ വിജയം ആതിഥേയ രാജ്യത്തിന്റെ ആദ്യ സ്വർണനേട്ടമായി. ബേസ്ബോൾ 5, സ്കേറ്റ്ബോർഡിങ്, ചൈനീസ് ആയോധനകലയായ വുഷു എന്നിവയും യൂത്ത് ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിച്ചു. മെഡൽ പട്ടികയിൽ 18 സ്വർണവുമായി ചൈന ഒന്നാമതെത്തി. ജപ്പാൻ 11 സ്വർണവുമായി രണ്ടാമതും റഷ്യ എട്ട് സ്വർണവുമായി മൂന്നാമതുമെത്തി. ആഫ്രിക്കൻ രാജ്യങ്ങളിൽ ഈജിപ്ത് ആറ് സ്വർണവും എത്യോപ്യയും സെനഗലും അഞ്ച് വീതം സ്വർണവും നേടി.

അടുത്ത യൂത്ത് ഒളിമ്പിക്സിന് 2030-ൽ ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ IOC ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഡാക്കറിൽ നിന്നുള്ള വിവരങ്ങൾ കൂടി വിലയിരുത്തിയ ശേഷമായിരിക്കും ഭാവി തീരുമാനങ്ങളെന്ന് കിർസ്റ്റി കോവൻട്രി അറിയിച്ചു. യൂത്ത് ഒളിമ്പിക്സിൽ പങ്കെടുത്ത താരങ്ങളിൽ 15 ശതമാനം പേർ മാത്രമാണ് പിന്നീട് പ്രധാന ഒളിമ്പിക്സിൽ മത്സരിച്ചിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയുടെ ജെസ് ഫോക്സും എമ്മ മക്കിയോണും യൂത്ത് ഒളിമ്പിക്സിൽ സ്വർണം നേടിയ ശേഷം പ്രധാന ഒളിമ്പിക്സുകളിൽ ആകെ 20 മെഡലുകൾ സ്വന്തമാക്കിയ താരങ്ങളാണ്.

SCROLL FOR NEXT