ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ 23 വയസ്സുകാരിയായ യുവതി വെടിയേറ്റ് മരിച്ച സംഭവത്തിൽ 23 വയസ്സുകാരനെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 8 മണിക്ക് തൊട്ടുമുമ്പ് ബിഗ്ഗറ വാട്ടേഴ്സിലെ ലോഡർ സ്ട്രീറ്റിലെ ഒരു വീട്ടിൽ വെടിവെപ്പ് നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തരസേവന വിഭാഗം സ്ഥലത്തെത്തി. വെടിയേറ്റ നിലയിൽ കണ്ടെത്തിയ 23-കാരിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ മരണം സ്ഥിരീകരിച്ചു.
സംഭവസ്ഥലത്തുനിന്ന് തന്നെ 23 വയസ്സുകാരനായ പ്രതിയെ യാതൊരു പ്രതിരോധവുമില്ലാതെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കൊലപാതകം (Domestic Violence Murder) നടത്തിയതിന്റെയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം നിയമവിരുദ്ധമായി കൈവശം വച്ചതിന്റെയും കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാകും.
സംഭവസമയത്ത് സമീപവാസിയായ ഒരു സ്ത്രീ യുവതിക്ക് സി.പി.ആർ. നൽകാൻ ശ്രമിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. "ബഹളം കേട്ട ഉടൻ ഞാൻ താഴേക്ക് ഓടി. 'ആർക്കെങ്കിലും സഹായം വേണോ?' എന്ന് ചോദിച്ചു. ഉടൻ തന്നെ 'അതെ, ദയവായി ആംബുലൻസിനെ വിളിക്കൂ' എന്നായിരുന്നു മറുപടി," അവർ പറഞ്ഞു. സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്നും പൊതുജനങ്ങൾക്ക് നിലവിൽ യാതൊരു ഭീഷണിയുമില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.